Newsperseconds.com

പുനരധിവാസത്തിനായി കൈകോര്‍ത്ത് കേരളം; രാഹുല്‍ ഗാന്ധി 100 വീടുകള്‍ നിര്‍മിച്ചു നല്‍കും; ശോഭ റിയാലിറ്റി ഗ്രൂപ്പ് ഏറ്റെടുത്തിരിക്കുന്നത് 50 വീടുകളുടെ നിര്‍മ്മാണം; ലൈബ്രറി കൗണ്‍സില്‍ ജീവനക്കാര്‍ ഒരു കോടി രൂപ; സഹായ വാഗ്ദാനങ്ങളുടെ പട്ടിക പങ്ക് വെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

Capture

തിരുവനന്തപുരം: ദുരന്തബാധിത മേഖലയായ മുണ്ടക്കൈയിലും ചൂരല്‍മലയിലും നഷ്ടമായവര്‍ക്ക് പുതിയ വീടുകള്‍ വെച്ച് നല്‍കാന്‍ അനവധി സുമനസുകള്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായിവിജയന്‍. രാഹുല്‍ ഗാന്ധി 100 വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. വി.ഡി.സതീശന്‍ നേരിട്ടു ചുമതല വഹിക്കുന്ന 25 വീടുകളും ഇതില്‍ ഉള്‍പ്പെടും.
കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ 100 വീടുകള്‍ നിര്‍മിച്ചു നല്‍കും. അദ്ദേഹത്തെ നേരിട്ട് വിളിച്ച് നന്ദി അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ശോഭ റിയാലിറ്റി ഗ്രൂപ്പ് 50 വീടുകള്‍ നിര്‍മിച്ചു നല്‍കാമെന്ന് അറിയിച്ചു. കോഴിക്കോട് കേന്ദ്രീകരിച്ചുള്ള വ്യവസായികളുടെ കൂട്ടായ്മയായ ബിസിനസ് ക്ലബ് 50 വീടുകള്‍ നിര്‍മിച്ചു നല്‍കാമെന്നാണു വാഗ്ദാനം നല്‍കിയിരിക്കുന്നത്. ലൈബ്രറി കൗണ്‍സിലിന്റെ ജീവനക്കാര്‍ ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു കൈമാറും.

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നാഷണല്‍ സര്‍വ്വീസ് സ്‌കീം (എന്‍എസ്എസ്) ദുരിത ബാധിത കുടുംബങ്ങള്‍ക്കായി 150 ഭവനങ്ങള്‍ നിര്‍മ്മിച്ചു നല്‍കുകയോ അല്ലെങ്കില്‍ അതിന്റെ തുക സര്‍ക്കാര്‍ നല്‍കുന്നതിനോ സന്നദ്ധമാണെന്ന് അറിയിച്ചിട്ടുണ്ട്. വേള്‍ഡ് മലയാളി കൗണ്‍സില്‍ 14 വീടുകള്‍ നിര്‍മിച്ചു നല്‍കും. ഫ്രൂട്ട്‌സ് വാലി ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി 10 ഏക്കര്‍ ഭൂമിയേറ്റെടുത്തു കൃഷിയോഗ്യമാക്കി 10 മുതല്‍ 15 വരെ കുടുംബങ്ങള്‍ക്കു നല്‍കാന്‍ സന്നദ്ധത അറിയിച്ചു. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ ദുരിത ബാധിതര്‍ക്കു വീടുകള്‍ വച്ചുനല്‍കാന്‍ സന്നദ്ധത അറിയിച്ചു. കോട്ടക്കല്‍ ആര്യവൈദ്യശാല 10 വീടുകള്‍ നിര്‍മിച്ചു നല്‍കും. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ലിമിറ്റഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന നല്‍കി. ലിന്‍ഡെ സൗത്ത് ഏഷ്യ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 20 ലക്ഷം രൂപ നല്‍കും.

കോഴിക്കോട് കാപ്പാട് നിന്നുമുള്ള യൂസുഫ് പുരയില്‍ തന്റെ അഞ്ച് സെന്റ് സ്ഥലം ദുരിതബാധിതര്‍ക്ക് വീട് വെച്ച് നല്‍കാനായി വിട്ടുനല്‍കാമെന്ന് അറിയിച്ചിരിക്കുന്നു. കൂടാതെ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സിനിമ രാഷ്ട്രീയ രംഗത്ത് നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വലിയ സഹായ പ്രഖ്യാപനങ്ങളാണുള്ളത്. പ്രമുഖ ചലചിത്രതാരങ്ങള്‍ നല്‍കിയ സംഭാവനകള്‍ ഇതിനോടകം പുറത്തുവിട്ടിരുന്നു. അതിനു പുറമെ ചലചിത്ര താരം നയന്‍താര 20 ലക്ഷം രൂപ നല്‍കിയിട്ടുണ്ട്. സിനിമാ നടന്‍ അലന്‍സിയര്‍ 50,000 രൂപയും നല്‍കിയിട്ടുണ്ട്. കിംസ് ഹോസ്പിറ്റല്‍ ഒരു കോടി രൂപ നല്‍കി. പോത്തീസ് റീട്ടെയില്‍ പ്രൈവറ്റ് ലിമിറ്റഡ് 50 ലക്ഷം രൂപ. ലൈബ്രറി കൗണ്‍സിലിന്റെ ജീവനക്കാരുടെ രണ്ടു ദിവസത്തെ വേതനവും സംസ്ഥാന, ജില്ല, താലൂക്ക് കൗണ്‍സില്‍ ഭാരവാഹികളുടെ ഓണറേറിയവും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ സിറ്റിംഗ് ഫീസും ലൈബ്രേറിയന്‍മാരുടെ അലവന്‍സില്‍ നിന്നുള്ള വിഹിതവും ഗ്രന്ഥശാലകളുടെ ഗ്രാന്റില്‍ നിന്നുള്ള വിഹിതവും ചേര്‍ത്തുള്ള തുകയായ ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറാനും സന്നദ്ധമാണെന്ന് അറിയിച്ചിട്ടുണ്ട്.

Share this Article

Leave a Comment