Newsperseconds.com

‘അറിവിന്റെ പ്രകാശം പരത്തിയ ഗുരുദേവ സ്മരണയില്‍’; കേരളീയ സമൂഹത്തെ നവോഥാനത്തിലേക്ക് നയിച്ച ഗുരുവിന്റെ ആശയങ്ങള്‍ക്ക് എക്കാലത്തും പ്രസക്തിയേറെ; ആര്‍പിഐ സംസ്ഥാന സംഘടന ജനറല്‍ സെക്രട്ടറി ആര്‍.സി രാജീവ്ദാസ്

Untitled 1

അജ്ഞതയുടെ ഇരുട്ടില്‍ ആണ്ടുകിടന്ന ഒരു ജനതയുടെ മേല്‍ അറിവിന്റെ പ്രകാശം പരത്തിയ ഗുരുദേവന്റെ സ്മരണ പുതുക്കി ആര്‍പി ഐ സംസ്ഥാന സംഘടന ജനറല്‍ സെക്രട്ടറി ആര്‍.സി രാജീവ്ദാസ്. 170-ാം ജന്മവാര്‍ഷികത്തില്‍ കേരളീയ സമൂഹത്തെ നവോഥാനത്തിലേക്ക് നയിച്ച ഗുരുവിന്റെയും ഗുരുദര്‍ശനങ്ങളുടേയും പ്രസക്തി ഇക്കാലത്തും കൂടുതല്‍ ശക്തിപ്പെടുകയാണെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തി. അപ്രതീക്ഷിതമായി എത്തിയ ഒരു ദുരന്തത്തെ കേരളം ഒറ്റക്കെട്ടായി നേരിട്ട് മുന്നോട്ട് പോകുന്ന ഈ സാഹചര്യത്തിലാണ് ഇത്തവണത്തെ ഗുരുജയന്തി എത്തുന്നത്. സാഹോദര്യത്തിലും സ്നേഹത്തിലും അടിസ്ഥാനപ്പെടുത്തിയ ഗുരു ദര്‍ശനങ്ങളെ പ്രാവര്‍ത്തികമാക്കുന്നതാണ് കഴിഞ്ഞ കുറേ ദിവസങ്ങളായിട്ട് നമ്മള്‍ കണ്ടത്. ഒറ്റക്കെട്ടായി ഒരുമയോടെ മുന്നോട്ട് പോവുകയെന്ന ഗുരുവിന്റെ പാഠങ്ങള്‍ കേരളസമൂഹം ഏറ്റെടുത്തുവെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണവും അതാണ്. ജാതി മത ഭേദമന്യേ ജനങ്ങള്‍ ഒറ്റക്കെട്ടായാണ് ദുരന്തത്തെ നേരിട്ടതെന്നും ആര്‍.സി രാജീവ്ദാസ് ഗുരുജയന്തി ദിനത്തില്‍ പറഞ്ഞു.

അധസ്ഥിത സമൂഹത്തെ നവീകരിക്കുന്നതിന് വേണ്ട തീവ്രമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട മഹത് വ്യക്തിത്വവും കേരള നവോത്ഥാന ചരിത്രത്തിലെ സാമൂഹ്യ പരിഷ്‌കര്‍ത്താവുമായിരുന്നു ശ്രീനാരായണഗുരു. ജാതിക്കും മതത്തിനുമെതിരെ ശക്തമായ പടപൊരുതിയ നവോത്ഥാന നായകന്‍. ജാതിമതചിന്തകള്‍ക്ക് അതീതമായ ഒരു സമൂഹത്തെ സൃഷ്ടിക്കുക എന്നതായിരുന്നു ഗുരുവിന്റെ ജീവിതലക്ഷ്യം. ‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്’, ‘മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി’ തുടങ്ങിയ തത്വങ്ങളിലൂടെ കേരളത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ട മനുഷ്യരുടെ മനസിലേക്ക് വിശ്വമാനവീകത എന്ന വലിയ ആശയത്തിന്റെ പുനര്‍ പ്രതിഷ്ഠ ഗുരു നടത്തിയത് അഭിമാനത്തോടെയും സന്തോഷത്തോടെയും ഓര്‍മപ്പെടുത്തുകയാണെന്നും ആര്‍.സി രാജീവ്ദാസ് പറഞ്ഞു.

കേരളത്തിന്റെ സാമൂഹ്യ-സാംസ്‌കാരിക ചരിത്രത്തില്‍ സമൂലമായ മാറ്റത്തിന് വേണ്ടി പ്രവര്‍ത്തിച്ച ശ്രീനാരായണഗുരു. സമൂഹത്തില്‍ നിലനിന്നിരുന്ന അനാചാരങ്ങള്‍ക്കെതിരേയും ജാതീയമായ വേര്‍തിരിവുകള്‍ക്കെതിരേയും ശബ്ദമുയര്‍ത്തി. ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകള്‍ പൊളിച്ച് സ്വതന്ത്രരാകാന്‍ ഉപദേശിച്ച ഗുരു സംഘടിച്ച് ശക്തരാകാനും ആഹ്വനം ചെയ്തിരുന്നു. വിദ്യ കൊണ്ട് പ്രബുദ്ധരാകുക എന്ന് പറഞ്ഞ ഗുരു കേരളത്തിലുടനീളം വിദ്യാലയങ്ങള്‍ സൃഷ്ടിക്കുന്നതില്‍ മുന്‍കൈയെടുത്തു. വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനുമാണ് വിദ്യ എന്നാണ് ശ്രീനാരായണ ഗുരു പറഞ്ഞത്. എല്ലാ അനാചാരങ്ങള്‍ക്കും എതിരെ പോരാടാനുളള ഗുരുവിന്റെ ആയുധവും വിദ്യ തന്നെയായിരുന്നു. മനുഷ്യന്റെ സമഗ്രമായ വികസനത്തിന് വേണ്ടിയാണ് ഗുരു പ്രയത്‌നിച്ചത്. ആധ്യാത്മികവും ഭൗതികവും രണ്ടല്ല എന്നും അവ ഒന്നിന്റെ തന്നെ രണ്ട് വശമാണെന്നും ഗുരു പഠിപ്പിച്ചു.

Share this Article

Leave a Comment