മുന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ പീഡന പരാതിയുമായി യുവാവ്. ബെംഗളൂരുവിലെ ഹോട്ടലില്‍ 2012-ലാണ് സംഭവം. അവസരം തേടി ഹോട്ടല്‍ റൂമിലെത്തിയ തനിക്ക് ടിഷ്യൂ പേപ്പറില്‍ ഫോണ്‍ നമ്പര്‍ കുറിച്ചു തന്നുവെന്നും അതില്‍ സന്ദേശം അയക്കാനും ആവശ്യപ്പെട്ടുവെന്നാണ് യുവാവ് പറയുന്നത്. മെസേജ് അയച്ചതോടെ ബംഗളൂരുവിലേക്ക് എത്താന്‍ പറയുകയായിരുന്നു. സിനിമ മേഖലയിലെ പരാതികള്‍ അന്വേഷിക്കാന്‍ രൂപീകരിച്ച പ്രത്യേക പോലീസ് സംഘത്തിനാണ് യുവാവ് മൊഴി നല്‍കിയത്. കോഴിക്കോട് സിനിമാ ഷൂട്ടിങിനിടയിലാണ് സംവിധായകനെ പരിചയപ്പെട്ടതെന്ന് യുവാവ് പറയുന്നു. രാത്രി 10 മണിയോടെ താജ് ഹോട്ടലിലെത്തിയ തന്നോട് പുറക് വശത്തെ വാതിലിലൂടെ മുറിയിലെത്താന്‍ പറഞ്ഞു.
അവിടെയെത്തിയപ്പോള്‍ നിര്‍ബന്ധിച്ച് മദ്യം നല്‍കിയാണ് പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചതെന്നും കോഴിക്കോട് സ്വദേശി പറഞ്ഞു. പുറത്തുപറയാന്‍ പറ്റാത്ത കാര്യങ്ങളാണ് സംവിധായകന്‍ തനിക്ക് നേരെ ചെയ്തതെന്നും യുവാവ് വെളിപ്പെടുത്തി. തന്റെ നഗ്‌ന ചിത്രങ്ങള്‍ സംവിധായകന്‍ പകര്‍ത്തിയെന്നും യുവാവ്. ഇത് നടിക്ക് നല്‍കാന്‍ വേണ്ടിയാണ് പകര്‍ത്തിയതെന്നും യുവാവ് പറഞ്ഞു. പ്രത്യേക പൊലീസ് സംഘത്തിന് യുവാവ് മൊഴി നല്‍കി. ബംഗാളി നടിയുടെ ലൈംഗിക പീഡന പരാതിയിലാണ് സംവിധായകന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കേണ്ടിവന്നത്. പരാതിയില്‍ പ്രതിക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.