Newsperseconds.com

സമൃദ്ധിയുടെ പൂവിളിയുമായി ഇന്ന് അത്തം ഒന്ന്; ഓണക്കാലത്തിന്റെ വരവറിയിച്ച് തൃപ്പൂണിത്തുറയില്‍ ഇന്ന് അത്തച്ചമയം

Untitled 1

ഓണക്കാലത്തിന്റെ വരവറിയിച്ച് ഇന്ന് അത്തം ഒന്ന്. ഇന്ന് മുതല്‍ തിരുവോണം വരെ പത്ത് ദിവസങ്ങളില്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ ഓണാഘോഷ ഓട്ടത്തിലാണ്. തൃപ്പൂണിത്തുറ അത്തച്ചമയത്തോടെയാണ് കേരളത്തിലെ ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. ഘോഷയാത്ര രാവിലെ 10 ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്തു. അത്തം നഗറായ തൃപ്പൂണിത്തുറ ഗവ. ബോയ്സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ മന്ത്രി പി രാജീവ് പതാക ഉയര്‍ത്തും. കെ ബാബു എംഎല്‍എ അധ്യക്ഷത വഹിക്കും. ഇന്ന് രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ആറ് മണിവരെ തൃപ്പൂണിത്തുറയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.

ഇപ്പോള്‍ സര്‍ക്കാര്‍ ആഘോഷത്തിന്റെ ഭാഗമായാണ് അത്തച്ചമയം ആചരിക്കുന്നത്. സര്‍വമതസ്ഥരും ആഘോഷിക്കുന്നതിനാല്‍ തന്നെ അത്തച്ചമയത്തിന് മതേതരത്വത്തിന്റെ പ്രതിച്ഛായയും ഉണ്ട്. അത്തം നാളിലാണ് ഓണത്തിന് പൂക്കളമിട്ട് തുടങ്ങുന്നത് എന്ന് നേരത്തെ തന്നെ പറഞ്ഞല്ലോ. എന്നാല്‍ അത്തം നാളിലെ പൂക്കളത്തിനും ചില പ്രത്യേകതകളുണ്ട്. അത്തം നാളില്‍ തുമ്പപ്പൂ ഇട്ടുകൊണ്ടാണ് പൂക്കളം ഇടേണ്ടത്. പിന്നീട് തുളസിപ്പൂവും ഉപയോഗിക്കുന്നു. അത്തം, ചിത്തിര നാളുകളില്‍ ഈ രണ്ട് പൂക്കള്‍ മാത്രമാണ് പൂക്കളമിടേണ്ടത്. മൂന്നാം ദിവസം മുതല്‍ നിറങ്ങളുള്ള പൂക്കള്‍ ഉപയോഗിക്കാം. അത്തം നാളിലെ പൂക്കളത്തിന് ഒരു നിര പൂ മാത്രമേ പാടുള്ളൂ. പ്രജകളെ കാണാനെത്തുന്ന മാവേലിയെ വരവേല്‍ക്കാനുള്ള പൂക്കളത്തിന് എന്തെല്ലാം പ്രത്യേകതകളാണല്ലേ.

വയനാട് ദുരന്തത്തിന്റ പശ്ചാത്തലത്തില്‍ സംസ്ഥാനത്താകെ ഓണാഘോഷ പരിപാടികള്‍ക്ക് നിയന്ത്രണമുണ്ട്. അതേ സമയം, ആഘോഷങ്ങള്‍ ചെറിയ രീതിയിലാണെങ്കിലും വ്യപാരികള്‍ പ്രതീക്ഷയിലാണ്. തെരുവോര കച്ചവടങ്ങളും പൂവില്‍പ്പനക്കാരും റോഡുകളില്‍ ഇടംപിടിച്ച് കഴിഞ്ഞു. അത്തം പത്ത് വരെ പലയിടങ്ങളിലായി ചെറിയ രീതിയിലുള്ള ഓണാഘോഷങ്ങളും നടക്കുന്നുണ്ട്. ഗൃഹോപകരണങ്ങള്‍ക്കും വസ്ത്രങ്ങള്‍ക്കുമെല്ലാം പ്രത്യേക ഓഫറുമായി കമ്പനികളും രംഗത്തെത്തിയിട്ടുണ്ട്.

Share this Article

Leave a Comment