അഗ്നിനാളങ്ങളേറ്റു വാങ്ങി അര്‍ജുന്‍ എന്ന കേരളത്തിന്റെ മകന്‍. ഉറ്റവരും സുഹൃത്തുക്കളും അര്‍ജുനെ ഇത് വരെ കാണാത്ത പതിനായിരങ്ങളും അര്‍ജുന് യാതാമൊഴിയേകാന്‍ കണ്ണാടിക്കലെത്തി. അര്‍ജുന്‍ പടുത്തുയര്‍ത്തിയ വീടിന്റെ മുറ്റത്ത് ഒരുക്കിയ ചിതയില്‍ മതാചാരപ്രകാരം അര്‍ജുന്റെ അനിയന്‍ ചിതക്ക് കൊളുത്തി.
രാവിലെ പതിനൊന്ന് മണിക്കാണ് സംസ്‌കാരമെന്നായിരുന്നു നേരത്തെ അറിയിച്ചതെങ്കിലും അവസാനമായി ഒരുനോക്ക് കാണാനെത്തിയവരുടെ നിര നീണ്ടതോടെ ചിതയിലേക്ക് എടുക്കാന്‍ സമയം പിന്നെയും നീണ്ടു.
കരളുലയ്ക്കുന്ന കാഴ്ചയാണ് കണ്ണാടിക്കലിലെ അര്‍ജുന്റെ വീട്ടില്‍. ഭാര്യയും അമ്മയും സഹോദരിയുമെല്ലാം അര്‍ജുന്‍ കണ്ണീരോടെ അന്ത്യചുംബനം നല്‍കി. കാത്തിരിപ്പിനൊടുവില്‍ അവനെ ഒരു നോക്ക് എങ്കിലും കാണാനായല്ലോ എന്നും ആശ്വസിക്കുന്നവരുണ്ട്. ദീര്‍ഘശ്വാസത്തോടെയും മരവിപ്പോടെയുമല്ലാതെ ഒരാളെ പോലും കണ്ണാടിക്കലിലെ വീട്ടില്‍ കാണാനാവില്ല. കേരളത്തിലെ മുഴുവന്‍ ജനങ്ങളുടേയും നെഞ്ചില്‍ പ്രിയപ്പെട്ടവനായാണ് അര്‍ജുന്റെ മടക്കയാത്ര.
കാര്‍വാര്‍ എംഎല്‍എ സതീഷ് സെയില്‍, ഈശ്വര്‍ മല്‍പെ, എംകെ രാഘവന്‍ എംപി, ഷാഫി പറമ്പില്‍ എംപി, മന്ത്രിമാരായ എകെ ശശീന്ദ്രന്‍, കെബി ഗണേഷ് കുമാര്‍, എംഎല്‍എമാരായ തോട്ടത്തില്‍ രവീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, കെഎം സച്ചിന്‍ ദേവ്, ലിന്റോ ജോസഫ് , മേയര്‍ ബീന ഫിലിപ്പ്, എ പ്രദീപ് കുമാര്‍, പികെ. ഫിറോസ് തുടങ്ങി നിരവധി പേര്‍ അന്ത്യാഞ്ജി അര്‍പ്പിച്ചു. ഡിഎന്‍എ പരിശോധനയ്ക്ക് ശേഷം ഇന്നലെയാണ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയത്. ഇന്നലെ കര്‍ണാടകയില്‍ നിന്നും പുറപ്പെട്ട വിലാപയാത്രയെ കോഴിക്കോട് വരെ കാര്‍വാര്‍ പൊലീസും അനുഗമിച്ചു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി മന്ത്രി എ കെ ശശീന്ദ്രനാണ് മൃതദേഹം ഏറ്റുവാങ്ങിയത്. മഞ്ചേശ്വരം എംഎല്‍എ എകെഎം അഷറഷ്, കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയ്ല്‍, കര്‍ണാകടയിലെ പ്രാദേശിക മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ അടക്കമുള്ളവര്‍ വിലാപയാത്രയ്ക്ക് ഒപ്പമുണ്ടായിരുന്നു. ലോറിയുടെ കാബിനില്‍ നിന്നും ലഭിച്ച അര്‍ജുന്റെ ഫോണും പേഴ്സും വാച്ചും അടക്കമുള്ളവ ആംബുലന്‍സിന് പിന്നാലെ കാറിലാണ് കൊണ്ടുവന്നത്.