കോഴിക്കോട്: ഷിരൂര്‍ മണ്ണിടിച്ചിലില്‍ മരണപ്പെട്ട അര്‍ജുന്റെ കുടുംബം ലോറി ഉടമ മനാഫിനെതിരെ നടത്തിയ വാര്‍ത്താസമ്മേളനം വിവാദമാകുന്നു. ലോറി ഉടമ മനാഫ് അര്‍ജുന്റെ പേരില്‍ പണപ്പിരിവ് നടത്തുന്നുവെന്നും യൂട്യൂബ് ചാനല്‍ തുടങ്ങി വരുമാനം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നുമാണ് മനാഫിനെതിരെ അര്‍ജുന്റെ കുടുംബം ആരോപിച്ചത്. എന്നാല്‍ വാര്‍ത്താസമ്മേളനത്തിനെതിരെ വലിയ തോതില്‍ സൈബര്‍ ആക്രമണം നേരിടുകയാണ് അര്‍ജുന്റെ കുടുംബം. അര്‍ജുനെ ലഭിച്ചതോടെ കുടുംബം നന്ദികേട് കാണിക്കുന്നു, മനാഫിനെ തള്ളി ക്രെഡിറ്റ് ലഭിക്കാന്‍ കുടുംബം ശ്രമിക്കുന്നു തുടങ്ങി നിരവധി നെഗറ്റീവ് കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ വരുന്നത്.
മനാഫ് തങ്ങളെ വൈകാരികമായി മറ്റുള്ളവരുടെ മുന്നില്‍ അവതരിപ്പിച്ച് സഹതാപം നേടുകയാണെന്ന് കഴിഞ്ഞ ദിവസം അര്‍ജുന്റെ സഹോദരീ ഭര്‍ത്താവ് ജിതിന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മനാഫ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ കള്ളം പറയുകയാണെന്നും ഫണ്ട് സ്വരൂപിക്കുന്നതുമായി ബന്ധപ്പെട്ട് ആളുകളെ കബളിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പൊതുജനങ്ങളാരും മനാഫിന് പണം നല്‍കരുതെന്നും തങ്ങള്‍ അത് സ്വീകരിക്കുന്നില്ലെന്നും കുടുംബം വ്യക്തമാക്കി. അര്‍ജുന് 75,000 രൂപ സാലറി കിട്ടുന്നുണ്ടെന്നാണ്. എന്നാല്‍ ഇത് വരെ 75,000 രൂപ സാലറി കിട്ടിയിട്ടില്ല. അര്‍ജുന്റെ പണമെടുത്ത് ജീവിക്കുന്ന സഹോദരിമാര്‍, സഹോദരന്മാര്‍, അളിയന്‍ എന്നെല്ലാം ആക്ഷേപങ്ങള്‍ ഉയരുന്നുണ്ട്. അര്‍ജുന്‍ മരിച്ചത് നന്നായെന്ന കമന്റുകള്‍ ഉള്‍പ്പെടെ കണ്ടെന്നും ഇത് വേദനയുണ്ടാക്കിയെന്നും ജിതിന്‍ പറഞ്ഞു.
അതേ സമയം, തന്റെ മക്കളെ പോലെ അര്‍ജുന്റെ മകന്‍ അയാനെ നാലാമത്തെ കുട്ടിയായി വളര്‍ത്തുമെന്ന് മനാഫ് പറഞ്ഞത് കൃഷ്ണപ്രിയയെ മാനസികമായി ബുദ്ധിമുട്ടിച്ചെന്നും അങ്ങനൊരു ആവശ്യം തങ്ങള്‍ മുന്നോട്ട് വെച്ചിട്ടില്ലെന്നും ജിതിന്‍ കൂട്ടിച്ചേര്‍ത്തു. വൈകാരികത ചൂഷണം ചെയ്യുന്നതില്‍ നിന്ന് മനാഫ് പിന്മാറണമെന്നും കുടുംബം ആവശ്യപ്പെട്ടു. ഈശ്വര്‍ മാല്‍പെയ്ക്കെതിരെയും കുടുംബം രംഗത്തെത്തി. മൂന്നാം ഘട്ട തിരച്ചിലില്‍ മാല്‍പെയുടെ ആവശ്യമുണ്ടായിരുന്നില്ല. മനാഫും മാല്‍പയും നാടകം കളിച്ച് രണ്ട് ദിവസം നഷ്ടമാക്കി. മാല്‍പെ ഔദ്യോഗിക സംവിധാനത്തെ നോക്കുകുത്തിയാക്കി യുട്യൂബ് ചാനലിലൂടെ കാര്യങ്ങള്‍ പറഞ്ഞു, കുടുംബം പറഞ്ഞു.