കോഴിക്കോട്: അര്‍ജുന്റെ കുടുംബം നടത്തിയ പത്രസമ്മേളനത്തിന് പിന്നാലെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ പൊലീസ് കേസെടുത്തു. സൈബര്‍ അധിക്ഷേപങ്ങള്‍ക്കെതിരെ അര്‍ജുന്റെ കുടുംബം കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ആണ് പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ലോറി ഉടമ മനാഫ് അടക്കമുള്ളവര്‍ക്കെതിരെയാണ് കേസെടുത്തത്. സമൂഹത്തില്‍ ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമമെന്ന വകുപ്പ് അടക്കം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
അര്‍ജുന്റെ കുടുംബം കഴിഞ്ഞദിവസം വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. കുടുംബത്തിന്റെ വൈകാരികത ലോറി ഉടമ മനാഫ് ചൂഷണം ചെയ്യുകയാണെന്ന് അര്‍ജുന്റെ കുടുംബം ആരോപിച്ചിരുന്നു. ഇതിനു പിന്നാലെ, എല്ലാ ആവശ്യങ്ങളും കഴിഞ്ഞശേഷം തള്ളിപ്പറയുകയാണെന്നതടക്കം ആരോപിച്ച് സൈബിറടത്തില്‍ വലിയ തോതിലുള്ള അധിക്ഷേപമാണ് അര്‍ജുന്റെ കുടുംബത്തിന് നേരെ നടന്നത്. പണപ്പിരിവ് നടത്തിയെന്നും കുടുംബത്തിന്റെ വൈകാരികതയെ ചൂഷണം ചെയ്‌തെന്നുമാണ് പരാതി. എന്നാല്‍ അര്‍ജുന്റെ കുടുംബത്തിന്റെ ആരോപണങ്ങള്‍ മനാഫ് തള്ളി.