കണ്ണൂര്‍: എഡിഎം നവീന്‍ബാബുവിന്റെ മരണത്തില്‍ പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയ സാഹചര്യത്തില്‍ എത്രയും വേഗം ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് കെ കെ രമ എംഎല്‍എ. പൂര്‍ണ്ണമായും ദുരൂഹത നിറഞ്ഞതാണ് നവീന്‍ ബാബുവിന്റെ മരണമെന്നും സമഗ്രമായ അന്വേഷണം ആവശ്യമാണെന്നും കെ കെ രമ ആവശ്യപ്പെട്ടു.
‘ അന്വേഷണം പിപി ദിവ്യയില്‍ മാത്രം ഒതുങ്ങരുത്. വലിയ ഗൂഢാലോചന നടന്നിട്ടുണ്ട് എന്നുള്ള കാര്യത്തില്‍ ഒരു സംശയവുമില്ല. ദിവ്യ യോഗത്തിലേക്ക് വരുന്നത് കളക്ടറിന് അറിയാമായിരുന്നെങ്കില്‍ എന്തു കൊണ്ട് തടഞ്ഞില്ല. പോസ്റ്റുമോര്‍ട്ടത്തിന്റെ കാര്യത്തിലും ഇന്‍ക്വസ്റ്റിന്റെ കാര്യത്തിലും ഒട്ടനവധി ചോദ്യങ്ങള്‍ ബാക്കിനില്‍ക്കുന്നുവെന്നും രമ പറഞ്ഞു.
ദിവ്യയെ അറസ്റ്റ് ചെയ്യുന്നതോടെ കേസില്‍ വഴിത്തിരിവ് സംഭവിക്കുമെന്നും അന്വേഷണം പലരിലേക്കും നീളുമെന്നും അവര്‍ പറഞ്ഞു. അതുകൊണ്ടാണ് ദിവ്യയ്ക്ക് പാര്‍ട്ടി സംരക്ഷണം ഒരുക്കുന്നതെന്നും രമ ആരോപിച്ചു. കണ്ണൂരിലെ പൊലീസിന് പാര്‍ട്ടിയെ ഭയമാണെന്നും ജാമ്യം കോടതി തള്ളിയിട്ടും പാര്‍ട്ടിയുടെ അനുവാദത്തിന് പൊലീസ് കാത്തു നില്‍ക്കുന്നത് എന്തിനാണെന്നും രമ ഉന്നയിച്ചു.