ചെന്നൈ: വന്ദേഭാരത് എക്സ്പ്രസ്സിലെ ഭക്ഷണത്തില്‍ നിന്നും പ്രാണിയെ ലഭിച്ച സംഭവത്തില്‍ ക്ഷമാപണവുമായി ദക്ഷിണ റെയില്‍വേ അധികൃതര്‍. ട്രെയിന്‍ യാത്രക്കിടെ ലഭിച്ച സാമ്പാറിലാണ് ചെറിയ കറുത്ത നിറത്തിലുള്ള പ്രാണികളെ കണ്ടെത്തിയത്. യാത്രക്കാര്‍ പരാതി നല്‍കിയെങ്കിലും അത് ജീരകമാണെന്നായിരുന്നു അധികൃതരുടെ വാദം. ശനിയാഴ്ച രാവിലെ മധുരയില്‍ നിന്നും പുറപ്പെട്ട ട്രെയിനില്‍ പ്രഭാത ഭക്ഷണത്തിനൊപ്പം ലഭിച്ച സാമ്പാറിലാണ് പ്രാണികളെ കണ്ടെത്തിയത്.
തിരുനെല്‍വേലി-ചെന്നൈ എഗ്മോര്‍ വന്ദേഭാരത് എക്സ്പ്രസിലാണ് സംഭവം. യാത്രയും ട്രെയിന്‍ സര്‍വീസും മെച്ചപ്പെട്ടതായിരുന്നുവെങ്കിലും ലഭിച്ച ഭക്ഷണം വളരെ മോശമായിരുന്നുവെന്ന് യാത്രക്കാര്‍ പ്രതികരിച്ചു. കറുത്ത നിറത്തിലുള്ള പ്രാണികളുടെ ദൃശ്യങ്ങള്‍ യുവാവ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ഇതോടെയാണ് ക്ഷമാപണവുമായി റെയില്‍വേ രംഗത്തെത്തിയത്. ഭക്ഷണം വിതരണം ചെയ്ത ബൃന്ദാവന്‍ ഫുഡ് പ്രോഡക്ട്സിന് 50,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ജീരകമെന്ന വാദത്തെ റെയില്‍വേ മാറ്റുകയായിരുന്നു.