Newsperseconds.com

‘689713’, ദൈവത്തിന്റെ പിന്‍കോഡ്’; ശബരിമലയുടെ സ്വന്തം തപാല്‍ ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചിട്ട് 61 വര്‍ഷം

Untitled 1

ശബരിമല: ശബരിമലയുടെ സ്വന്തം തപാല്‍ ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചിട്ട് 61 വര്‍ഷം. 1963 മുതലാണ് ഈ പോസ്റ്റ് ഓഫീസ് ശബരിമലയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. എന്നാല്‍ 1974-ലാണ് പതിനെട്ടാംപടിയും അയ്യപ്പവിഗ്രഹവും ഉള്‍പ്പെടുന്ന ലോഹ സീല്‍ പ്രാബല്യത്തില്‍ വന്നത്. മണ്ഡല മകരവിളക്ക് കാലത്തും വിഷുവിനും മാത്രം പ്രവര്‍ത്തിക്കുന്ന സന്നിധാനത്തെ പോസ്റ്റ് ഓഫീസ് പ്രവര്‍ത്തനം തുടങ്ങിയിട്ട് അറുപതിയൊന്ന് വര്‍ഷം പൂര്‍ത്തിയാവുകയാണ്. സ്വാമി അയ്യപ്പന്‍, ശബരിമല സന്നിധാനം, 689713 എന്ന വിലാസത്തില്‍ അയ്യപ്പന് നിരവധി കത്തുകളും കാണിക്കയായുള്ള മണിയോര്‍ഡറുകളും എല്ലാ സീസണിലും ഇവിടെ ലഭിക്കും.

മൊബൈലും നവമാധ്യമങ്ങളും സജീവമായ ഇക്കാലത്തും സന്നിധാനത്ത് എത്തുന്നവര്‍ ഇവിടെ നിന്നും സീല്‍ പതിച്ച പോസ്റ്റ് കാര്‍ഡ് വാങ്ങി വേണ്ടപ്പെട്ടവര്‍ക്ക് അയയ്ക്കുന്നത് പതിവാണ്. പതിനെട്ടാം പടിയും അയ്യപ്പ വിഗ്രഹവും ഉള്‍ക്കൊള്ളുന്ന സീല്‍ പതിച്ച കാര്‍ഡുകള്‍ കൗതുകത്തോടെ വീടുകളില്‍ സൂക്ഷിക്കുന്നവരുമുണ്ട്. മണ്ഡലകാലം കഴിഞ്ഞാല്‍ സീല്‍ പത്തനംതിട്ട പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസിന്റെ ലോക്കറിലേക്ക് മാറ്റും. വിവാഹ ക്ഷണക്കത്ത്, ഗൃഹപ്രവേശന ക്ഷണം, നന്ദി അറിയിപ്പ് തുടങ്ങിയ കത്തുകളും മണി ഓര്‍ഡറുകളും സന്നിധാനം പോസ്റ്റ് ഓഫീസിലേക്ക് എത്താറുണ്ട്. കത്തുകള്‍ നടയ്ക്ക് മുന്‍പില്‍ സമര്‍പ്പിച്ച ശേഷം എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് കൈമാറുകയാണ് പതിവ്.

Share this Article

Leave a Comment