വെള്ളായണിക്കായലിന്റെ സംരക്ഷണം ലക്ഷ്യമിട്ടുള്ള പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് ഇനി ഞാനൊഴുകട്ടെ മൂന്നാംഘട്ട ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിന് തുടക്കമാകുമെന്ന് മന്ത്രി എം.ബി രാജേഷ് പത്രസമ്മേളനത്തില്‍ അറിയിച്ചു. ആദ്യഘട്ട പ്രവര്‍ത്തനത്തിന് 64 കോടി രൂപയ്ക്ക് സാങ്കേതികാനുമതി നല്‍കി. ഹരിതകേരളം മിഷന്റെ ഭാഗമായി ജലസേചന വകുപ്പിന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ പദ്ധതി ആരംഭിക്കുകയാണ്. കായല്‍ തുടങ്ങുന്നതുമുതല്‍ കാക്കാമൂല വരെയുള്ള ഭാഗത്താണ് പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
ഇതില്‍ 1,52,000 ക്യു.മീറ്റര്‍ ചെളി നീക്കം ചെയ്ത് കായലിന്റെ വാഹകശേഷി വര്‍ദ്ധിപ്പിക്കും. 6665 കി.മീ. കരിങ്കല്‍ സംരക്ഷണ ഭിത്തിയുടെ നിര്‍മ്മാണവും ഇതോടൊപ്പമുണ്ട്. കായലിലേക്കു വന്നുചേരുന്ന പള്ളിച്ചല്‍ തോട്, പറക്കോട് തോട്, ശാസ്താംകോവില്‍ തോട് എന്നിവയുടെ സംരക്ഷണഭിത്തിയുടെ നിര്‍മ്മാണവും ഏറ്റെടുക്കും. പ്രാരംഭ പ്രവര്‍ത്തനമായ ‘ഹൈഡ്രോഗ്രാഫിക് സര്‍വേ’ സംസ്ഥാന ഹൈഡ്രോഗ്രാഫിക് സര്‍വേ വിഭാഗം പൂര്‍ത്തീകരിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
നീര്‍ച്ചാലുകള്‍ക്ക് വേനല്‍ക്കാല ജലലഭ്യത ഉറപ്പാക്കുന്നതിനായി ജലം ഒഴുകി വരുന്ന മുഴുവന്‍ കൈവഴികളും മാലിന്യ മുക്തമാക്കി വാഹകശേഷി കൂട്ടി പുനരുജ്ജീവിപ്പിക്കും. അതോടൊപ്പം പ്രധാന നീര്‍ച്ചാലിന്റേയും സ്വാഭാവികമായുള്ള ആഴവും വീതിയുമൊക്കെ വീണ്ടെടുക്കുകയും സാധ്യമായ ഇടങ്ങളില്‍ ജലസംഭരണത്തിന് സഹായകരമായ നിര്‍മ്മിതികള്‍ ഉറപ്പാക്കുകയും ചെയ്യും. ഇതോടൊപ്പം തന്നെ തികച്ചും ശാസ്ത്രീയമായി നീര്‍ച്ചാലിന്റെ വൃഷ്ടിപ്രദേശ പരിപാലനവും ഉറപ്പാക്കുന്നതിനുള്ള ഇടപെടലുകള്‍ കൂടുതല്‍ വ്യാപകമാക്കും. നീര്‍ച്ചാലുകളില്‍ നീരൊഴുക്ക് ഉറപ്പാക്കുന്നതില്‍ കുളങ്ങളുടെ പങ്ക് വലുതാണ്. അതിനാല്‍ കുളങ്ങളും ഒപ്പം പുനരുജ്ജീവിപ്പിക്കുവാനും ലക്ഷ്യമിടുന്നതായും മന്ത്രി പറഞ്ഞു. നവകേരളം കര്‍മ്മപദ്ധതി കോര്‍ഡിനേറ്റര്‍ ടി.എന്‍ സീമ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.