പാലക്കാട്: കല്ലടിക്കോട് ലോറി മറിഞ്ഞ് നാല് വിദ്യാര്‍ത്ഥികള്‍ മരണപ്പെട്ട സംഭവത്തില്‍ നാട്ടുകാരുടെ പ്രതിഷേധം. സ്ഥിരമായി അപകടം നടക്കുന്ന സ്ഥലമാണ് പനയംപാടമെന്നും കളക്ടര്‍ ഇടപെടാതെ പിരിഞ്ഞു പോവില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. അശാസ്ത്രീയമായ വളവും റോഡിന്റെ മിനുസവും മൂലം അപകടങ്ങള്‍ പതിവാണ്. നാട്ടുകാരുടെ പരാതി അധികൃതര്‍ കേള്‍ക്കുന്നില്ലെന്നാണ് ആരോപണം.
റോഡ് ഉപരോധിച്ചാണ് നാട്ടുകാരുടെ പ്രതിഷേധം. അപകടത്തില്‍ മരിച്ച നാല് പേരും പെണ്‍കുട്ടികളാണ്. മരിച്ചവര്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളാണെന്ന് നാട്ടുകാര്‍ പറയുന്നു. കരിമ്പ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് മരിച്ചവര്‍. തച്ചമ്പാറ ഈസാഫ് ആശുപത്രിയിലാണ് മൂന്ന് മൃതദേഹം. ഒരു മൃതദേഹം വട്ടമ്പലം മദര്‍ കെയര്‍ ആശുപത്രിയിലുമാണ്. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ക്രെയിന്‍ ഉപയോഗിച്ച് ലോറി പൊക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.