Newsperseconds.com

പ്രസിദ്ധമായ 92-ാമത് ശിവഗിരി തീര്‍ത്ഥാടന കാലത്തിന് തുടക്കമായി; സമ്മേളനം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു

Sivagiri

വര്‍ക്കല: 92-ാമത് ശിവഗിരി തീര്‍ഥാടനകാലത്തിനു തുടക്കമായി. തീര്‍ഥാടകരെ വരവേറ്റു കൊണ്ടുള്ള സമ്മേളനം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ഗുരുദേവ ദര്‍ശനങ്ങള്‍ ഇന്ത്യയുടെ അതിര്‍ത്തിക്കപ്പുറം ലോകരാജ്യങ്ങളിലേക്കും വ്യാപിക്കുന്നുണ്ടെന്നും ഗുരുദേവ ദര്‍ശനങ്ങളെക്കുറിച്ചുള്ള മാര്‍പാപ്പയുടെ നല്ല വാക്കുകള്‍ വെളിപ്പെടുത്തുന്നതായും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ചൈതന്യ പൂര്‍ണമായ ജീവിത ദര്‍ശനമാണ് ഗുരുദേവന്‍ മുന്നോട്ടു വച്ചത്. വത്തിക്കാനില്‍ സര്‍വമത സമ്മേളനത്തില്‍ ഗുരുദര്‍ശനത്തിന്റെ പൊരുള്‍ ലോകത്തെ അറിയിക്കാന്‍ കഴിഞ്ഞതിലൂടെ മാനവീയ സംസ്‌കാരത്തിന് പുതിയ നിര്‍വചനം സൃഷ്ടിക്കാന്‍ ശിവഗിരി മഠത്തിനു കഴിഞ്ഞെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

വിവിധ വിഷയങ്ങളിലൂടെ സമൂഹത്തിനാകെ വഴികാട്ടിയായി സമഗ്രമായ ജീവിതദര്‍ശനമാണ് നൂറുവര്‍ഷം മുന്‍പുതന്നെ ഗുരുദേവന്‍ മുന്നോട്ടുവച്ചതെന്നു അധ്യക്ഷനായ ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. അഞ്ച് പേരുമായി ആരംഭിച്ച തീര്‍ത്ഥാടനം 92 വര്‍ഷം 50 ലക്ഷത്തിലധികം ആളുകള്‍ പങ്കെടുക്കുന്ന മഹത്തായ തീര്‍ത്ഥാടനമായി മാറിയിരിക്കുന്നു. ഗുരുദേവ ദര്‍ശനങ്ങളുടെ പ്രസക്തി ഓരോ നിമിഷവും വര്‍ദ്ധിക്കുകയാണ്. ഗുരുദേവനുമായുള്ള സന്ദര്‍ശനം തന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട നിമിഷങ്ങളായിരുന്നുവെന്ന് മഹാത്മാഗാന്ധി പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ വത്തിക്കാനില്‍ നടന്ന സര്‍വ്വമത സമ്മേളനത്തിനും ചരിത്രപ്രാധാന്യം കൈവന്നിരിക്കുകയാണ്. ജാതിയും മതവുമില്ലാതെ പക്ഷപാതമില്ലാതെയാണ് തീര്‍ത്ഥാടനത്തിനായി ആളുകള്‍ ഒഴുകിയെത്തുന്നതെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു. സാമൂഹ്യ പരിഷ്‌കര്‍ത്താവും ദാര്‍ശനികനും മാത്രമല്ല, മഹാനായ രാഷ്ട്രമീമാംസകന്‍ കൂടിയാണ് ശ്രീനാരായണ ഗുരുവെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസവും ശുചിത്വവും കഴിഞ്ഞാണ് അദ്ദേഹം ഈശ്വരഭക്തിയെക്കുറിച്ച് പറഞ്ഞത്. ശാസ്ത്രസാങ്കേതികതയെക്കുറിച്ച് പഠിക്കണമെന്ന ശ്രീനാരായണ ഗുരുവിന്റെ വാക്കുകള്‍ അതാണ് ബോദ്ധ്യപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ട്രസ്റ്റ് ട്രഷറര്‍ സ്വാമി ശാരദാനന്ദ, ഗുരുധര്‍മ പ്രചാരണസഭ സെക്രട്ടറി സ്വാമി അസംഗാനന്ദ ഗിരി, സഭ റജിസ് ടാര്‍ കെടി സുകുമാരന്‍, സാമി ധര്‍മ്മാനന്ദ, തീര്‍ഥാടന കമ്മിറ്റി ജോയിന്റ് സെക്രട്ടറി സ്വാമി വിരജാനന്ദ, നഗരസഭ കൗണ്‍സിലര്‍മാരായ എസ്.സതീശന്‍, ആര്‍,രാഖി എന്നിവര്‍ പ്രസംഗിച്ചു.

Share this Article

Leave a Comment