ശ്രീനാരായണഗുരുദേവന്‍ മാനവന്റെ സര്‍വ്വതോന്മുഖമായ പുരോഗതിക്കായി കല്‍പിച്ചനുവദിച്ച ശിവഗിരി തീര്‍ത്ഥാടനം 92-ാം വര്‍ഷത്തിലെത്തി നില്‍ക്കുകയാണ്. 1928 ജനുവരി 16 ന് കോട്ടയം നാഗമ്പടം മഹാദേവക്ഷേത്രാങ്കണത്തില്‍ വിശ്രമിക്കുന്ന വേളയിലായിരുന്നു തൃപ്പാദങ്ങള്‍ തീര്‍ത്ഥാടനത്തിന് അനുമതി നല്‍കിയത്. തീര്‍ത്ഥാടന ലക്ഷ്യങ്ങളായി 8 വിഷയങ്ങള്‍ ഉപദേശിച്ച് അറിവിന്റെ തീര്‍ത്ഥാടനമാണ് ഗുരു വിഭാവനം ചെയ്തത്. 1932 ല്‍ ഇലവുംതിട്ട മൂലൂര്‍ കേരളവര്‍മ്മ സൗധത്തില്‍ നിന്നും അഞ്ചുപേരടങ്ങുന്ന സംഘം ശിവഗിരിയില്‍ തീര്‍ത്ഥാടകരായി വന്നു ചേര്‍ന്നു. ഈ അഞ്ചു പേരെ ‘മഞ്ഞക്കിളികള്‍’ എന്നാണ് വിളിച്ചിരുന്നത്. അഞ്ചില്‍ നിന്നാരംഭിച്ച തീര്‍ത്ഥാടകരുടെ എണ്ണം ഇപ്പോള്‍ 50 ലക്ഷത്തോളമായി വര്‍ദ്ധിച്ചിരിക്കുന്നു.

തീര്‍ത്ഥാടകരുടെ വര്‍ദ്ധിച്ച തോതിലുള്ള സാന്നിദ്ധ്യം കണക്കിലെടുത്ത് തീര്‍ത്ഥാടനകാലം 2024 ഡിസംബര്‍ 15 മുതല്‍ 2025 ജനുവരി 5 വരെ ദീര്‍ഘിപ്പിച്ചിരിക്കുകയാണ്. ഇക്കാലയളവില്‍ വിവിധ വിഷയങ്ങളില്‍ സമ്മേളനങ്ങളും പ്രഭാഷണങ്ങളും സംഘടിപ്പിച്ചിരിക്കുന്നു. മഹാകവി കുമാരനാശാന്റെ ദേഹവിയോഗ ശതാബ്ദി, ഗുരുദേവന്റെ അനുഗ്രഹത്തോടെ സമാരംഭം കുറിച്ച് കഥാപ്രസംഗത്തിന്റെ ശതാബ്ദി, ഗുരുദേവന്‍ – മഹാത്മാ ഗാന്ധി സമാഗമത്തിന്റെ ശതാബ്ദി പ്രമാണിച്ച് സമ്മേളനങ്ങളും ഇക്കൊല്ലത്തെ പരിപാടികളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒപ്പം സായാഹ്നങ്ങളിലും രാത്രിയിലുമായി വിവിധ കലാപരിപാടികളും ഉണ്ടാകും. ശിവഗിരി തീര്‍ത്ഥാടനത്തില്‍ സംബന്ധിച്ച് ജീവിതം അനുഗ്രഹ പൂര്‍ണ്ണമാക്കുവാന്‍ മഹാഗുരുവിന്റെ തിരുസന്നിധിയിലേക്ക് ലക്ഷകണക്കിനാളുകളാണ് എത്തുക.
ഡിസംബര്‍ 15 ന് ആരംഭിച്ച പ്രധാന പരിപാടികള്‍ 29 നാണ് അവസാനിക്കുക. തീര്‍ത്ഥാടനത്തിന് മുന്നോടിയായി മഹാകവി കുമാരനാശാന്റെ ദേഹവിയോഗ ശതാബ്ദി സമ്മേളനമാണ് ഇന്ന് നടന്നത്. രാവിലെ 10.30 ന് സ്വാമി സച്ചിദാനന്ദ സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്വാമി ധര്‍മ്മാനന്ദ അധ്യക്ഷത വഹിച്ചു. വര്‍ക്കല ശ്രീനാരായണ കോളേജിലെ മലയാളം വിഭാഗം പ്രൊഫസര്‍ ഡോ. സിനി ആശാന്റെ ഗുരുദര്‍ശനം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. ഗുരുധര്‍മ്മപ്രചരണസഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, കാല്ലം ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാര്‍ അനില്‍ എസ്. കല്ലേലിഭാഗം, ഗുരുധര്‍മ്മ പ്രചരണസഭ പി. ആര്‍.ഒ പ്രൊഫ. സനല്‍കുമാര്‍, വെട്ടൂര്‍ ശശി എന്നിവര്‍ പ്രസംഗിച്ചു. തോന്നയ്ക്കല്‍ ആശാന്‍ സ്മാരക അവാര്‍ഡ് ജേതാവ് എന്‍. എസ്. സുരേഷ് കൃഷ്ണന് ഉപഹാരം നല്‍കി. കവിതാരചനാ മത്സരവും നടന്നു.

21 ന് രാവിലെ 10 ന് ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ നേതൃസംഗമം സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യും. സ്വാമി ശുഭാംഗാനന്ദ അധ്യക്ഷത വഹിക്കും. 22നാണ് ശ്രീനാരയണീയ സമൂഹ സമ്മേളനം. കള്‍ച്ചുറി സമാജം നാഷണല്‍ പ്രസിഡന്റ് ജയ് നാരായണ്‍ ചോക്‌സെ ഉദ്ഘാടനം ചെയ്യും. 25ന് ശിവഗിരി മതമഹാപാഠശാല സമ്മേളനം മുന്‍ പിഎസ് സി ചെയര്‍മാന്‍ ഡോ. കെ.എസ് രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. 26 ന് പാരമ്പര്യ വൈദ്യസമ്മേളനവും സൗജന്യ ചികിത്സാ ക്യാമ്പും സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യും.ഹരികഥാകാരനായിരുന്ന സത്യദേവന്‍ ഗുരുദേവന്റെ അനുഗ്രഹാശിസുകളോടെ ചണ്ഡാലഭിക്ഷുകി കഥാപ്രസംഗ രൂപത്തില്‍ ആദ്യമായി അവതരിപ്പിച്ചതുമായി ബന്ധപ്പെടുത്തി 27 ന് കഥാപ്രസംഗ ശതാബ്ദി സമ്മേളനം നടക്കും.മുന്‍മന്ത്രി മുല്ലക്കര രത്‌നാകരനാണ് ഉദ്ഘാടകന്‍. 28 ന് നടക്കുന്ന സംവരണ സംരക്ഷണ നേതൃസംഗമം. എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും. 29 ന് ഗുരുധര്‍മ്മ പ്രചരണസഭാ സമ്മേളനം മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യും.