തൃശ്ശൂര്‍: ഉത്സവങ്ങള്‍ക്ക് വെടിക്കെട്ട് അനുമതി തേടി സംഘാടകര്‍ കോടതികളെ സമീപിച്ചെങ്കിലും മാറ്റമില്ലാതെ നിയന്ത്രണങ്ങള്‍. സംസ്ഥാനത്ത് ഇപ്പോള്‍ പലയിടത്തും ഉത്സവങ്ങള്‍ നടക്കുന്നുണ്ട്. വെടിക്കെട്ടിനായുള്ള അനുമതി കോടതി നിഷേധിച്ചിരിക്കുകയാണ്. ചില ക്ഷേത്രങ്ങളുടെ വെടിക്കെട്ട് അപേക്ഷയ്ക്ക് ജില്ലാഭരണകൂടം മറുപടി നല്‍കിയിട്ടുമില്ല. അവസാന നിമിഷം അനുമതി നിഷേധിച്ച് അറിയിപ്പ് ലഭിക്കാനാണ് സാധ്യതയെന്നാണ് സൂചന.
ഇതോടെ എക്സ്പ്ലോസീവ് നിയമത്തിലെ ചട്ടഭേദഗതി പൂരം വെടിക്കെട്ടുകളെ ബാധിക്കില്ലെന്ന ബിജെപി നേതാക്കളുടെ വാദം പൊളിയുകയാണ്. ജനുവരി മൂന്നിന് നടക്കുന്ന പാറമേക്കാവ് വേലയുടെ ഭാഗമായ വെടിക്കെട്ടിന് അനുമതി നല്‍കാനാകില്ലെന്ന് ജില്ലാഭരണകൂടം വാക്കാല്‍ അറിയിച്ചതായി ദേവസ്വം ഭാരവാഹികള്‍ പറഞ്ഞു. ജനുവരി അഞ്ചിന് നടക്കുന്ന തിരുവമ്പാടി വേലയുടെ വെടിക്കെട്ടിനും അനുമതി നല്‍കിയിട്ടില്ല.