ശിവഗിരി: പ്രസിദ്ധമായ ശിവഗിരി തീര്‍ത്ഥാടനത്തിന് തുടക്കം കുറിച്ചു. രാവിലെ പത്തിന് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പതാക ഉയര്‍ത്തി. പകല്‍ 11. 30ന് വിദ്യാഭ്യാസ സമ്മേളനം മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം നിര്‍വ്വഹിക്കും. മന്ത്രി ജി ആര് അനില്‍ അധ്യക്ഷനാകും. പകല്‍ രണ്ടിന് ശാസ്ത്ര സാങ്കേതിക സമ്മേളനം മന്ത്രി കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് ഏഴിന് കലാപരിപാടികളുടെ ഉദ്ഘാടനം നടി മല്ലിക സുകുമാരന്‍ നിര്‍വഹിക്കും.
31ന് പുലര്‍ച്ചെ 5.30ന് തീര്‍ഥാടന ഘോഷയാത്ര ആരംഭിക്കും. രാവിലെ 10ന് തീര്‍ഥാടന മഹാസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. പകല്‍ രണ്ടിന് കൃഷി, കൈത്തൊഴില്‍, വ്യവസായം, ടൂറിസം – സമ്മേളനം കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത് ഉദ്ഘാടനം ചെയ്യും. മന്ത്രി പി രാജീവ് അധ്യക്ഷനാകും. വൈകിട്ട് അഞ്ചിന് സര്‍വമത സമ്മേളനം നടക്കും. ജനുവരി ഒന്നിന് രാവിലെ 10ന് വിദ്യാര്‍ഥി, യുവജന സമ്മേളനം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. പകല്‍ രണ്ടിന് സാഹിത്യ സമ്മേളനം കല്‍പ്പറ്റ നാരായണന് ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന് സമാപന സമ്മേളനം കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനും ഉദ്ഘാടനം ചെയ്യും.
തീര്‍ഥാടന സമാപനം വരെ ചെമ്പഴന്തിയിലേക്കുള്ള പ്രവേശന കവാടങ്ങളായ ശ്രീകാര്യം, ചേങ്കോട്ടുകോണം, കാര്യവട്ടം, കാട്ടായിക്കോണം, മണ്ണന്തല, പോത്തന്‍കോട്, കഴക്കൂട്ടം എന്നിവിടങ്ങളില്‍ കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ച് ഗതാഗതം സുഗമമാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരക്ക് കണക്കിലെടുത്ത് കെഎസ്ആര്‍ടിസി ചെമ്പഴന്തിയിലേക്ക് അധിക സര്‍വീസുകള്‍ നടത്തുന്നുണ്ട്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ സംഘവും ആംബുലന്‍സ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. തീര്‍ഥാടകര്‍ എത്തുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ ചെമ്പഴന്തി എസ്എന്‍ കോളജ് ഗ്രൗണ്ടിലും സമീപത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സൗകര്യം ഒരുക്കിയിട്ടുണ്ട്.