Newsperseconds.com

വെള്ളാപ്പള്ളിയുടെ കൊള്ള അവസാനിപ്പിക്കാൻ ശ്രീനാരായണീയർ ഒന്നിക്കണം: ഗോകുലം ഗോപാലൻ

Gopalan

കൊല്ലം: ആർ ശങ്കറിന്റെ പേരിൽ പ്രവർത്തിച്ചുവരുന്ന ശങ്കേഴ്സ് ആശുപത്രിയെ അമേരിക്കൻ കമ്പനിക്ക് കൈമാറുന്ന നീക്കത്തിനെതിരെ ആഞ്ഞടിച്ച് ശ്രീനാരായണ ഏകോപന സമിതി ചെയർമാൻ ഗോകുലം ഗോപാലൻ. ആശുപത്രിയുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പേരിൽ പതിറ്റാണ്ടുകളായി നടക്കുന്നത് കൊള്ളയാണെന്നും ശ്രീനാരായണീയർ ഇതിനെതിരെ ഒന്നിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശങ്കേഴ്സ് ആശുപത്രിയുടെ നടത്തിപ്പവകാശം അമേരിക്കൻ കമ്പനിയ്ക്ക് നൽകിയതിനെതിരെയുള്ള പ്രക്ഷോഭം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗോകുലം ഗോപാലൻ.

ഇച്ഛാശക്തിയുടെയും ദൃഢനിശ്ചയത്തിന്റെയും ആത്മവിശ്വാസത്തിൻ്റെയും നിറകുടമായിരുന്നു ആർ.ശങ്കറെന്നും ഗോകുലം ഗോപാലൻ പറഞ്ഞു. അസാധ്യമെന്ന് കരുതിയതൊക്കൊ സാധ്യമാക്കി മാതൃകയായ നേതാവായിരുന്നു. ആർ.ശങ്കറിന്റെ നാമധേയത്തിലുള്ള ആശുപത്രിയെ ഇല്ലാതാക്കാനുള്ള ഗൂഢാലോചനയാണ് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഇവിടെ നടക്കുന്നതെന്നും പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്യവെ ഗോകുലം ഗോപാലൻ പറഞ്ഞു.

ശ്രീനാരായണ ഗുരുദേവൻ അരുളിയ അഷ്ട ലക്ഷ്യങ്ങളിൽ പ്രധാനമായ വിദ്യാഭ്യാസവും ആരോഗ്യവും സംഘടന കൊണ്ട് ശക്തമാക്കുക എന്ന സന്ദേശങ്ങൾ അക്ഷരാർത്ഥത്തിൽ നടപ്പിലാക്കിയ വ്യക്തിത്വമാണ് ആർ ശങ്കർ. ശ്രീനാരായണ സ്വത്വബോധം സാധാരണ ജനതയിൽ വളർത്തിയ മഹാനുഭാവനായിരുന്നു. ശ്രീനാരായണ പ്രസ്ഥാനത്തിന്റെ എക്കാലത്തേയും സമുന്നതനായ നേതാവിനെ അപമാനിക്കുകയാണ് വെള്ളാപ്പള്ളിയും ഒരു കൂട്ടം കള്ളന്മാരും പതിറ്റാണ്ടുകളായി ചെയ്തു കൊണ്ടിരിക്കുന്നത്. ശ്രീനാരായണ പ്രസ്ഥാനത്തിന്റെ മാത്രം നേതാവായിരുന്നില്ല ആർ ശങ്കറെന്ന് നമ്മൾ തിരിച്ചറിയണെമെന്നും ഗോകുലം വ്യക്തമാക്കി.

ആശയസമ്പുഷ്‌ടതയും ധീരതയും ആത്മവിശ്വാസവും ഇച്ഛാശക്തിയും കൊണ്ടാണ് ആർ ശങ്കർ രാഷ്ട്രീയ സാമൂഹ്യ, സാമുദായിക ഭരണ നേതൃത്വത്തിൽ തിളങ്ങിയെതെങ്കിൽ അതേ ശങ്കറിന്റെ
പിൻതലമുറക്കാർ ജീവിച്ചിരിക്കുന്നിടത്തോളം കാലം വെള്ളാപ്പള്ളിയ്ക്കും കൂട്ടർക്കും ശങ്കറിന്റെ ആത്മാവ് കുടികൊള്ളുന്ന മണ്ണിൽ ഒരുചുക്കും ചെയ്യാൻ ഞങ്ങൾ അനുവദിക്കില്ലന്നും ഗോകുലം ഗോപാലൻ വെള്ളാപ്പിള്ളിയെ വെല്ലുവിളിച്ചു.

കേരളത്തിൽ ആരോഗ്യ രംഗത്തും വിദ്യാഭ്യാസരംഗത്തും യഥാർത്ഥ വിപ്ലവം രചിച്ച സർവ്വാദരണീയനായിട്ടാണ് ആർ ശങ്കർ അറിയപ്പെടുന്നതെങ്കിൽ വെള്ളാപ്പള്ളി നടേശനെ ഇതിനെല്ലാം ഘടക വിരുദ്ധമായിട്ടാണ് കേരളക്കര അറിയുന്നത്. കൊല്ലത്ത് രണ്ടാമതൊരു ഹിന്ദു
മഹാ മണ്ഡലം രൂപീകരിച്ച് പ്രക്ഷോഭം സംഘടിപ്പിക്കാൻ ഞങ്ങളെ പ്രേരിപ്പിക്കരുതെന്ന് വെള്ളാപ്പള്ളിയെ ഗോകുലം ഓർമ്മപ്പെടുത്തി.

ആർ ശങ്കർ സ്ഥാപിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രിയും ഒന്നൊന്നായി വിറ്റ് കീശ വീർപ്പിക്കലാണ് വെള്ളാപ്പളളിയും കൊളള സംഘവും കഴിഞ്ഞ കുറേക്കാലങ്ങളായി ചെയ്ത് വരുന്നതെന്ന് പൊതു സമൂഹം തിരിച്ചറിയുന്നുണ്ട്. ശ്രീനാരായണ കുലത്തിന്റെ ശക്തമായ മേഖലയാണ് കൊല്ലം. കൊല്ലത്തെ അതസ്ഥിത വർഗ്ഗത്തിന്റെ ആരോഗ്യ സംരക്ഷണത്തിനായി അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തിലാണ് 1970-ൽ ശങ്കേഴ്സ് ആശുപത്രി പ്രവർത്തനം ആരംഭിച്ചത്. കേരളത്തിൽ ഇന്ന് കാണുന്ന പ്രധാന സ്വകാര്യ ആശുപത്രികളൊക്കെ പ്രവർത്തനം ആരംഭിക്കുന്നതിനും എത്രയോ മുമ്പാണ് ശങ്കേഴ്സ് ആശുപത്രി ഇവിടെ പ്രവർത്തനം ആരംഭിച്ചത്. എന്നാൽ ഈ ആതുരാലയം പ്രവർത്തനം ആരംഭിച്ച് 5 പതിറ്റാണ്ട് പിന്നിടുമ്പോൾ ഈ മഹാപ്രസ്ഥാനം അമേരിക്കൻ കമ്പനിയ്ക് തീറെഴുതി കൊടുക്കാൻ രഹസ്യമായി ശ്രമിച്ച വെള്ളാപ്പള്ളി ശ്രീനാരായണ കുലത്തിന്റെ കടയ്ക്കൽ കത്തിവെയ്ക്കുകയാണ് ചെയ്തിരിക്കുന്നത്.

99 വർഷത്തേയ്ക്കാണ് അമേരിയ്ക്കൻ കമ്പനിയ്ക്ക് ശങ്കേഴ്സ് ആശുപത്രി നടത്തിയിപ്പ് അവകാശം തീറെഴുതി കൊടുക്കാൻ വെള്ളാപ്പളളിയും ഫാമിലി ക്ലബ് കൊള്ളസംഘവും ധാരണ ഉണ്ടാക്കിയിരിക്കുന്നത്. കേരളത്തിലെ ഒരു പ്രമുഖ ക്രിസ്ത്യൻ മിഷനറിയാണ് ഇതിന്റെ ഏജന്റായി പ്രവർത്തിച്ചിരിക്കുന്നത്.

കോടികൾ മൈക്രോ ഫിനാൻസിലൂടെ തട്ടിപ്പ് നടത്തി സാധാരണ കുടുംബങ്ങളെ ദുരന്തത്തിലേക്ക് തളളിയിട്ട വെള്ളാപ്പളളിയെ നമ്മൾ തിരിച്ചറിയണം. ഇനിയും ഇത്തരത്തിലുള്ള ദുരന്തങ്ങൾ വെള്ളാപ്പള്ളി സൃഷ്ടിക്കാതിരിക്കാൻ ശ്രീനാരായണീയർ അതീവ ശ്രദ്ധയോടെ തന്നെ ഇടപെട്ടില്ലങ്കിൽ ശ്രീനാരായണീയരെ കൂട്ടത്തോടെ വിൽക്കുമെന്ന് ഈഴവർ തിരിച്ചറിയണം. വെളളാപ്പളളിയുടെ ദുഷ്ടലാക്കോടെയുള്ള ഒരോ നീക്കത്തെയും നമുക്ക് ശക്തമായി നേരിടാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയിൽ സംരക്ഷണ സമിതി പ്രസിഡന്റ് ഡി രാജ്കുമാർ ഉണ്ണി അധ്യക്ഷനായി. ആർ മണിയപ്പൻ, സൗത്ത് ഇന്ത്യൻ വിനോദ്, കടകംപള്ളി മനോജ്, പി സുരേന്ദ്ര ബാബു, പാട്ര രാഘവൻ, പ്രഫ. സുശീല, ഷൈൻ പടിപ്പുരയിൽ, ജാൻസ് നാഥ്, സുബ്രു സഹദേവൻ, ഇന്ദു ലേഖ, ഡി.ദീപക് തുടങ്ങിയവർ പ്രസംഗിച്ചു.

Share this Article

Leave a Comment