ഹരിപ്പാട് മുതുകുളം സ്വദേശിയും പൂർവവിദ്യാർഥിയുമായ ഡോ. ബി. പദ്‌മകുമാർ
ബുധനാഴ്ച ആലപ്പുഴ ഗവ. ടി.ഡി. മെഡിക്കൽ കോളേജിന്റെ 38-ാമത്തെ പ്രിൻസിപ്പലായി ചുമതലയേറ്റു. കൊല്ലം മെഡിക്കൽ കോളേജിലെ പ്രിൻസിപ്പലായ ഇദ്ദേഹത്തെ ആലപ്പുഴയിലേക്കു മാറ്റി നിയമിക്കുക യായിരുന്നു.
1983-ൽ കേരള സർവകലാശാലയിൽനിന്നു ബിഎസ്സി സുവോളജിയിൽ ഒന്നാംറാങ്കുനേടിയ ഇദ്ദേഹം 1990-ൽ ആലപ്പുഴ മെഡിക്കൽ കോളേജിൽനിന്ന് സ്വർണമെഡലോടെയാണ് എംബിബിഎസ് ബിരുദം നേടിയത്. 1995-ൽ ഗവ. മെഡിക്കൽ കോളേജ് ഔറംഗാബാദിൽനിന്ന് ഒന്നാം റാങ്കോടെ എംഡി കരസ്ഥമാക്കി. 2016-ൽ കേരള സർവകലാശാലയിൽനിന്നു മെഡിസിനിൽ പിഎച്ച്ഡി, ഹൈദരാബാദിലെ നിസാം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽനിന്നു റുമറ്റോളജിയിൽ ഫെലോഷിപ്പ്, കേംബ്രിഡ്ഡിൽനിന്നു വിദഗ്ധപരിശീലനം എന്നിവ നേടിയിട്ടുണ്ട്.
30 വർഷത്തെ അധ്യാപനപരിചയമുള്ള ഇദ്ദേഹം ആലപ്പുഴ, തിരുവനന്തപുരം, കൊല്ലം, കോന്നി മെഡിക്കൽ കോളേ ജുകളിൽ മെഡിസിൻ വിഭാഗം പ്രൊഫസറും തലവനുമായി പ്രവർത്തിച്ചു.
ഡോ. ബി. പദ്‌മകുമാർ 2024-ൽ കൊല്ലം മെഡിക്കൽ കോളേജിൽ പ്രിൻസിപ്പലായി ചുമതലയേറ്റത്. ഏറ്റവും നല്ല ഡോക്ടർക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം, കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഇക്കൊല്ലത്തെ മികച്ച വൈജ്ഞാനിക ഗ്രന്ഥത്തിനുള്ള പുരസ്കാരം എന്നിവ നേടി. വൈദ്യശാസ്ത്രസാഹിത്യ മേഖലയിൽ മുപ്പതിലേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഏറ്റവും നല്ല വൈദ്യശാസ്ത്ര ഗ്രന്ഥത്തിനുള്ള 2010-ലെ കേശവദേവ് പുരസ്കാരം ലഭിച്ചു. പഠിച്ച അഞ്ചു വർഷവും മെഡിക്കൽ കോളേജിലെ കലാപ്രതിഭയായിരുന്നു. സഹകരണ വകുപ്പിൽ ഡെപ്യൂട്ടി രജിസ്ട്രാറായിരു ന്ന പരേതനായ കെ.പി. ബാലസുന്ദരം-വി.സി. ഭാനുമതി അമ്മ ദമ്പതിമാ രുടെ മകനാണ്.
പേരൂർക്കട ഇഎസ്ഐ ആശുപത്രിയിലെ ഫിസിഷ്യൻ ഡോ. മീരയാണ് ഭാര്യ. ചരിത്രത്തിൽ ഗവേഷണവിദ്യാർഥിയായ കാർത്തിക് മകനും.