കൊച്ചി: സംസ്ഥാനത്തെ ജയിൽ അന്തേവാസികളുടെ വേതനം വർധിപ്പിച്ച സർക്കാർ നടപടിക്കെതിരായ പൊതുതാൽപ്പര്യ ഹർജി ഹൈക്കോടതി തള്ളി. വേതനവർധനവ് സർക്കാരിന്റെ നയപരമായ തീരുമാനമാണെന്നും, ഇതിൽ കോടതിയുടെ ഇടപെടൽ ആവശ്യമില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. തടവുകാരുടെ വേതനവർധനവ് വെറും സാമ്പത്തിക വിഷയമല്ല, മറിച്ച് അവരുടെ മാന്യതയും പുനരധിവാസവും ഉറപ്പാക്കുന്ന നടപടിയാണെന്ന് സർക്കാർ കോടതിയിൽ അറിയിച്ചു.
ഏഴു വർഷങ്ങൾക്ക് ശേഷമാണ് സംസ്ഥാനത്ത് ജയിൽ അന്തേവാസികളുടെ കൂലി പരിഷ്കരിക്കുന്നത്. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് ജനുവരി 15നാണ് പുറത്തിറങ്ങിയത്. പുതുക്കിയ നിരക്കുകൾ പ്രകാരം സ്കിൽഡ് ജോലിക്ക് 620 രൂപയും, സെമി-സ്കിൽഡ് ജോലിക്ക് 560 രൂപയും, അൺ-സ്കിൽഡ് ജോലിക്ക് 530 രൂപയുമാണ് ദിവസക്കൂലി. നേരത്തെ ഇത് യഥാക്രമം 152, 127, 63 രൂപയായിരുന്നുവെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. തടവുകാർക്ക് ന്യായമായ വേതനം നൽകുന്നത് ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ വ്യക്തമാക്കിയിരുന്നു. 2016 ലെ മോഡൽ പ്രിസൺ മാനുവൽ പ്രകാരം മൂന്ന് വർഷത്തിലൊരിക്കൽ വേതനം പരിഷ്കരിക്കേണ്ടതുണ്ടെന്നും കോടതി പരിഗണിച്ചു.