വിലക്ക് ലംഘിച്ച് റോബിൻ ബസ് ഇന്ന് വീണ്ടും സർവീസ് തുടങ്ങി. പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്ക് ആണ് രാവിലെ അഞ്ചുമണിക്ക് എരുമേലി പിന്നിടും വരെ പരിശോധനകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.
ഇന്നലെ നാലിടങ്ങളിലായി ബസ് തടഞ്ഞ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ 37,000ത്തിൽ അധികം രൂപ ബസ്സിന് പിഴ ഇട്ടിരുന്നു. സ്റ്റേജ് ക്യാരേജ് ആയി റോബിൻ ബസ്സിന് സർവീസ് നടത്താൻ പെർമിറ്റില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് പിഴയിട്ടത്. പിഴയൊടുക്കിയിട്ട് സർവീസ് നടത്തുമെന്ന് ഇന്നലെ തന്നെ അറിയിച്ചിരുന്നതായി ഉടമ പറഞ്ഞു.
അതേസമയം റോബിൻ ബസിന് ബദലായി കോയമ്പത്തൂരിലേക്ക് 4. 30 മുതൽ സർവീസ് ആരംഭിച്ചിരിക്കുകയാണ് കെഎസ്ആർടിസി. റോബിൻ ബസിന് കേരളത്തിന് പുറമെ തമിഴ്നാട്ടിലും പിഴയിട്ടു. കോയമ്പത്തൂർ കെ ജി ചാവടി ചെക്ക്പോസ്റ്റിലാണ് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് ബസ് പരിശോധിച്ചത്. പെർമിറ്റ് ലംഘനത്തിന് 70,410 രൂപയാണ് പിഴ ചുമത്തിയത്.
പത്തനംതിട്ടയിൽ നിന്നും രാവിലെ 04:30ന് ആരംഭിക്കുന്ന സർവീസ് തിരികെ കോയമ്പത്തൂരിൽ നിന്നും വൈകുന്നേരം 04:30ന് പുറപ്പെടും. റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, തൊടുപുഴ, മൂവാറ്റുപുഴ, അങ്കമാലി, തൃശ്ശൂർ, വടക്കാഞ്ചേരി, പാലക്കാട് വഴിയാണ് സർവീസ് നടത്തുക.