Newsperseconds.com

ശബരിമലയിൽ സർക്കാർ സംവിധാനങ്ങൾ അതീവ ശ്രദ്ധയോടെ ഇടപെടുന്നുണ്ടെന്ന് മുഖ്യമന്ത്രി

Capture

ശബരിമലയിൽ സർക്കാർ സംവിധാനങ്ങൾ അതീവ ശ്രദ്ധയോടെ ഇടപെടുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അനിയന്ത്രിതമായ അവസ്ഥയില്ല. ശബരിമല വികസനത്തിന് പണം തടസമല്ല. ശബരിമല മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തി 220 കോടി അനുവദിച്ചു കഴിഞ്ഞു എന്നും മുഖ്യമന്ത്രി പറഞ്ഞു. കോട്ടയത്ത് നവകേരള സദസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമല മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തി കഴിഞ്ഞ ഏഴു വർഷം കൊണ്ട് 220 കോടി രൂപയാണ് സർക്കാർ അനുവദിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായ വികസന പ്രവർത്തനങ്ങൾ ഹൈക്കോടതി ഹൈപവർ കമ്മിറ്റിയുടെ അംഗീകാരത്തോടെ നടന്നു വരുന്നു. ശബരിമല തീർത്ഥാടകർക്കും തീർത്ഥാടന കാലത്തിനു ശേഷം പൊതുജനങ്ങൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന 6 ഇടത്താവളങ്ങൾ പൂർത്തിയായി വരുന്നുണ്ട്. കിഫ്ബിയിൽ നിന്നും 108 കോടി രൂപ ചെലവിട്ടാണ് ചെങ്ങന്നൂർ, കഴക്കൂട്ടം, ചിറങ്ങര, എരുമേലി, നിലയ്ക്കൽ, മണിയംകോട് എന്നിവിടങ്ങളിൽ ഇടത്താവളം നിർമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് പ്രതിസന്ധിയിൽ വലഞ്ഞ കേരളത്തിലെ വിവിധ ദേവസും ബോർഡ് ക്ഷേത്രങ്ങൾക്ക് ഉൾപ്പെടെ 467 കോടി രൂപയുടെ സഹായമാണ് സർക്കാർ നൽകിയത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന് മാത്രം 144 കോടി നൽകി. ശബരിമല സീസണിലെ ശുചീകരണ പ്രവർത്തനങ്ങൾക്കായി പത്തനംതിട്ട , കോട്ടയം ജില്ലകൾക്ക് 16 ലക്ഷം രൂപയും അനുവദിച്ചുവെന്നും ഡിസംബർ 6 മുതലുള്ള 4 ദിവസങ്ങളിൽ തന്നെ തീർത്ഥാടകരുടെ എണ്ണം ശരാശരി 88,000 ആയി വർദ്ധിച്ചുവെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു. ഒരു ദിവസം 1,20,000 ത്തിലധികം തീർത്ഥാടകർ എത്തുകയാണ്. പൊതു അവധി ദിവസങ്ങളിൽ തിരക്ക് വല്ലാതെ വർധിച്ചു. ഇതിന്റെ ഫലമായി ശബരിമലയിൽ എത്തിച്ചേരാൻ കൂടുതൽ സമയം വേണ്ടിവരുന്ന അവസ്ഥയുണ്ടായി. കഴിഞ്ഞ ദിവസങ്ങളിൽ ഇതാണ് അവിടെ സംഭവിച്ചത്. പതിനെട്ടാം പടിയിലൂടെ ഒരു മണിക്കൂറിൽ 4200 പേർക്കാണ് സാധാരണ നിലയിൽ ദർശനം സാധ്യമാവുക.

നിലയ്ക്കലും പമ്പയിലും സന്നിധാനത്തും ഭക്ഷ്യസുരക്ഷാ പരിശോധനകൾ നടത്താൻ ആവശ്യമായ ഉദ്യോഗസ്ഥരെ നിയോഗിച്ചു. 15 എമർജൻസി മെഡിസിൻ സെൻററുകളും 17 ആംബുലൻസുകളും തീർത്ഥാടകർക്കായി ഒരുക്കി പമ്പയിൽ 2 വെൻറിലേറ്ററുകളും 25 ഐ.സി യൂണിറ്റുകളും തയ്യാറാക്കി. യാത്രാ സൗകര്യം ഒരുക്കുന്ന കെ എസ് ആർ ടി സി ഈ ഞായറാഴ്ച വരെ 24,456 ട്രിപ്പുകൾ പമ്പയിലേക്കും 23,663 ട്രിപ്പുകൾ പമ്പയിൽ നിന്നും സർവ്വീസ് നടത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share this Article

Leave a Comment