ശബരിമലയിലെ സ്ഥിതിഗതികൾ നേരിട്ട് മനസിലാക്കാൻ ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ ഇന്ന് പുലർച്ചെ സന്നിധാനത്തെത്തി. രാവിലെ 8 മണിയോടെ ദേവസ്വം അധികൃതരോടും തന്ത്രി ഉൾപ്പെടെയുള്ളവരുമായും കൂടിക്കാഴ്ച നടത്തുന്ന മന്ത്രി സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തും. ഇന്നലെ വൈകുന്നേരം ഉന്നത പോലീസ് ഉദ്യോഗസ്ഥരും ദേവസ്വം ബോർഡ് അധികൃതരും യോഗം ചേർന്നിരുന്നു.
മല കയറുന്നതിനിടെ ശരംകുത്തിയിലെ ക്യൂ കോംപ്ലക്സ് മന്ത്രി സന്ദർശിച്ചു. ഈ സമയത്ത് ഭക്തർ ഉന്നയിച്ച പരാതികൾ മന്ത്രി നേരിട്ട് കേൾക്കുകയും ചെയ്തിരുന്നു.
പ്രശ്‌നങ്ങള്‍ പെരുപ്പിച്ച് കാട്ടി ശബരിമല തീര്‍ത്ഥാടന കേന്ദ്രത്തെ മറ്റ് പല ആവശ്യങ്ങള്‍ക്കും ഉപയോഗപ്പെടുത്തുന്ന സ്ഥിതിയാണെന്ന് ദേവസ്വം മന്ത്രി അഭിപ്രായപ്പെട്ടിരുന്നു. എരുമേലിയില്‍ എത്തിയവര്‍ വെള്ളം, ഭക്ഷണം, ശൗചാലയം എന്നിവ ആവശ്യപ്പെട്ടാണ് മുദ്രാവാക്യം വിളിച്ചത്. അവിടെ അത്തരമൊരു പ്രശ്‌നമില്ല. അത് ബോധപൂര്‍വ്വം വിളിപ്പിക്കുന്ന മുദ്രാവാക്യമാണെന്നും മന്ത്രി പറഞ്ഞു.
പ്രചാരണങ്ങളില്‍ നിന്നും പിന്തിരിയണം. രാജ്യത്തെ മഹത്തായ കേന്ദ്രങ്ങളിലൊന്നാണ് ശബരിമല. സങ്കുചിതമായി കാണുന്ന സ്ഥിതി ദോഷം ചെയ്യുമെന്നും വിമര്‍ശനത്തോട് അസഹിഷ്ണുതയില്ലെന്നും മന്ത്രി പറഞ്ഞു.