എസ്എഫ്ഐ ഗവർണർ പോരിൽ നാടകീയ വിഷയത്തിൽ അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ വൈസ് ചാൻസലറോട് ഗവർണർ നിർദേശം നൽകി. ഗവർണർക്കെതിരെ എസ്എഫ്ഐ ഉയർത്തിയ ബാനറുകൾ പൊലീസിനെ ഉപയോഗിച്ച് നീക്കം ചെയ്ത് ക്യാമ്പസിൽ പ്രകടനവുമായി എത്തിയ എസ്എഫ്ഐ പ്രവർത്തകർ വീണ്ടും ഗവർണർക്കെതിരെ ബാനറുകൾ ഉയർത്തിയിരുന്നു. ഇതിനെ തുടർന്നാണ് വൈസ് ചാൻസലറോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്.
സംഭവത്തെ തുടർന്ന് വിസിയുമായുളള കൂടിക്കാഴ്ചയിൽ തന്റെ അമർഷം വ്യക്തമാക്കിയ ഗവർണർ റിപ്പോർട്ട് അടിയന്തരമായി സമർപ്പിക്കാനാണ് നിർദേശം നൽകിയത്. എന്നാൽ ക്യാമ്പസിലെ സാഹചര്യങ്ങളിൽ ഗവർണറോട് വിസിയും രജിസ്ട്രാറും അതൃപ്തി അറിയിച്ചു. ക്യാമ്പസിനെ സംഘർഷ വേദിയാക്കുന്നത് ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുന്നതിനാലുമാണ് ഗവർണറോട് ആശങ്കയറിയച്ചത്.
ഇന്നലെ സർവ്വകലാശാലയിൽ എത്തിയപ്പോൾ വാഹനത്തിൽ നിന്നിറങ്ങിയ ഗവർണർ ഫോണിൽ വിളിച്ചാണ് ബാനറുകള്‍ നീക്കാന്‍ നിർദ്ദേശം നൽകിയത്. എന്നാൽ, ക്യാമ്പസിൽ ഗവർണർക്കെതിരെ കെട്ടിയ ബാനറുകൾ നീക്കം ചെയ്യാൻ നിർദേശമില്ലെന്നായിരുന്നു പൊലീസ് നിലപാട്. നീക്കം ചെയ്യേണ്ടത് സർവ്വകലാശാല അധികൃതരാണെന്നായിരുന്നു പൊലീസ് നിലപാടെടുത്തത്. നീക്കം ചെയ്യാൻ ക്യാമ്പസ് സെക്യൂരിറ്റി ഓഫീസർക്കും നിർദ്ദേശം കിട്ടിയിരുന്നില്ല.
വൈകുന്നേരം ഗവർണർ നേരിട്ടെത്തി പൊലീസുകാരോട് ക്ഷുഭിതമാകുകയും ബാനറുകൾ അഴിപ്പിക്കുകയും ചെയ്തു. മലപ്പുറം എസ്പി അടക്കമുള്ളവരോട് ക്ഷുഭിതനായ ഗവർണർ നിർബന്ധപൂർവ്വം ബാനറുകൾ അഴിപ്പിക്കുകയായിരുന്നു. എന്നാൽ, അഴിപ്പിച്ചതിന് പിന്നാലെ എസ്എഫ്ഐ ബാനർ വീണ്ടും കെട്ടി.