വാകേരിയില്‍ പിടികൂടിയ നരഭോജിക്കടുവയെ കുപ്പാടി മൃഗപരിശീലനകേന്ദ്രത്തിലേക്ക് മാറ്റി. കടുവയെ വെടിവച്ച് കൊല്ലണമെന്ന് ആവശ്യപ്പെട്ടുള്ള നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തിനിടയിലാണ് കടുവയെ താത്ക്കാലികമായി മാറ്റിയത്. പ്രജീഷ് എന്ന യുവാവിന്റെ മരണത്തിന് കാരണക്കാരനായ കടുവയെ പത്ത് ദിവസത്തിന് ശേഷമാണ് കൂട്ടിലാക്കിയത്.
പ്രജീഷിന്റെ മൃതദേഹം കിടന്നിരുന്ന കൂടല്ലൂര്‍ കോളനിക്കവലയിലെ തോട്ടത്തില്‍ വച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. കടുവയെ തൃശ്ശൂരിലെ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് ഉടന്‍ മാറ്റും. ഇതിനുള്ള നടപടികള്‍ ആരംഭിച്ചു. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ കടുവയ്ക്കായി പ്രത്യേക ഐസൊലേഷന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.