വയനാട്: വന്യമൃഗങ്ങളുടെ ശല്യം അധികരിച്ച സാഹചര്യത്തില്‍ പാതിരാ കുര്‍ബാനയുടെ സമയം മാറ്റി മാനന്തവാടി രൂപത. കുര്‍ബാന രാത്രി 10 മണിക്ക് മുന്നേ തീര്‍ക്കാനാണ് നിര്‍ദേശം. കൂടുതല്‍ വൈകിയാല്‍ അത് അപകടമാണെന്നും മനുഷ്യനാണ് ആദ്യ പരിഗണന എന്നും മാനന്തവാടി ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം പറഞ്ഞു. രൂപതയുടെ കീഴിലുള്ള 160 ഇടവകകള്‍ക്കും ഇത് സംബന്ധിച്ച് അറിയിപ്പ് നല്‍കി. ക്രിസ്മസ് കരോള്‍ ഇന്ന് വൈകീട്ട് മാത്രമായിരിക്കും നടത്തുകയെന്നും അറിയിച്ചു.
വയനാട് വാകേരിയില്‍ പ്രജീഷ് എന്ന യുവാവ് പുല്ല് അരിയാന്‍ പാടത്തേക്ക് ഇറങ്ങിയപ്പോഴായിരുന്നു നരഭോജി കടുവ അക്രമിച്ച് കൊലപ്പെടുത്തിയത്. പാതി ഭക്ഷിച്ച നിലയിലാണ് നാട്ടുകാര്‍ പ്രജീഷിനെ കണ്ടെത്തിയത്. നരഭോജി കടുവയെ വനംവകുപ്പ് പിടികൂടിയെങ്കിലും നാട്ടുകാര്‍ ഇപ്പോഴും ഭീതിയിലാണ്.