ശിവഗിരി: പവിത്രമായ ശിവഗിരിയിലേക്കുള്ള തീര്‍ത്ഥാടനം ശ്രീനാരായണ ഭക്തരെ സംബന്ധിച്ചിടത്തോളം ജീവിതത്തിലെ ഏറ്റവം പുണ്യമായ കര്‍മ്മമാണ്. ഭക്തരുടെ നിറവില്‍ 91-ാമത് ശിവഗിരി തീര്‍ത്ഥാടന മഹാഘോഷയാത്ര വെളുപ്പിന് 5 മണിക്ക് ആരംഭിച്ചു. ഓം നമോ നാരായണായ എന്ന നാമജപത്തോടെ , അലങ്കരിച്ച ഗുരുദേവറിക്ഷയ്ക്ക് ഭക്തജനങ്ങള്‍ അകമ്പടി സേവിച്ച് ശിവഗിരിപ്രാന്തം, മൈതാനം, റെയില്‍വേ സ്‌റ്റേഷന്‍ വഴി മടങ്ങി മഹാസമാധി പീഠത്തില്‍ എത്തിച്ചേര്‍ന്നു. സച്ചിതാനന്ദ സ്വാമി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. തീര്‍ത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ഋതംഭരാനന്ദ സ്വാഗതവും സ്വാമി സൂക്ഷ്മാനന്ദ, സ്വാമി ശുഭാംഗാനന്ദ എന്നിവര്‍ അനുഗ്രഹ പ്രഭാഷണവും നിര്‍വ്വഹിച്ചു.

ഗുരുദേവന്‍ 1924-ല്‍ ആലുവ അദ്വൈതാശ്രമത്തില്‍ സംഘടിപ്പിച്ച സര്‍വ്വമത സമ്മേളനം, വൈക്കം സത്യഗ്രഹം, മഹാകവി കുമാരാനാശന്റെ ദേഹവിയോഗം എന്നിവയുടെ ശതാബ്ദി വര്‍ഷത്തിലാണ് 91-ാമത് ശിവഗിരി തീര്‍ത്ഥാടനമെന്നതാണ് പ്രധാന സവിശേഷത. അതേ സമയം, ശിവഗിരി ഹൈസ്‌കൂളും ശതാബ്ദി നിറവിലാണ്. സര്‍വ്വമത സമ്മേളന സ്മൃതിയുണര്‍ത്തി ആലുവാ അദ്വൈതാശ്രമത്തില്‍ നിന്നു വൈക്കം സത്യാഗ്രഹ സ്മൃതിയുണര്‍ത്തി വൈക്കം ടി.കെ. മാധവന്‍ സ്‌ക്വയറില്‍ നിന്നും മഹാകവി കുമാരനാശാന്റെ 150ാം ജന്മവാര്‍ഷിക സ്മൃതി ഉണര്‍ത്തി പത്തനംതിട്ട ജില്ലയില്‍ നിന്നും പുറപ്പെട്ട ഔദ്യോഗിക പദയാത്രകള്‍ ഇന്ന് ശിവഗിരിയില്‍ എത്തിച്ചേരും. കേരളത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും മറ്രു സംസ്ഥാനങ്ങളില്‍ നിന്നും തീര്‍ത്ഥാടന ദിവസങ്ങളില്‍ ശ്രീനാരായണീയര്‍ പദയാത്രയായി എത്തുന്നുണ്ട്. വിദേശ രാജ്യങ്ങളില്‍ നിന്ന് വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ പ്രതിനിധികളും തീര്‍ത്ഥാടനത്തിന്റെ ഭാഗമാവും.
ലോകത്തിന്റെ പലഭാഗത്തും , ഇന്ത്യയിലും , നമ്മുടെ കേരളത്തിലും പലമത വിശ്വാസികളുടെ തീര്‍ത്ഥാടനം നടക്കുന്നുണ്ട് , ഇവയൊക്കെ പരമ പവിത്രമായവ തന്നെ. എന്നാല്‍ ശ്രീനാരായണ ഗുരുവിന്റെ സമാധിയിലേക്കുള്ള ശിവഗിരി തീര്‍ത്ഥാടനം മറ്റു തീര്‍ത്ഥാടനങ്ങളില്‍ നിന്ന് വ്യത്യസ്തമാകുന്നത് മറ്റു ചില സവിശേഷതകള്‍ കൊണ്ടാണ്. കാരുണ്യവാനായ ശ്രീനാരായണ ഗുരുദേവന്‍ മനുഷ്യരാശിയുടെ സര്‍വ്വതോമുഖമായ പുരോഗതിയെ ലക്ഷ്യമാക്കി കൊണ്ട് കനിഞ്ഞനുവദിച്ചനുഗ്രഹിച്ച് നല്‍കിയതാണ് ശിവഗിരി തീര്‍ത്ഥാടനം. ഇലവുംതിട്ട മൂലൂര്‍ സ്മാരകത്തില്‍ നിന്നും 1932ല്‍ കേവലം 5 മഞ്ഞക്കിളികളിലാരംഭിച്ച ശിവഗിരി തീര്‍ത്ഥാടനം അതിന്റെ 91-ാമത് വാര്‍ഷികത്തിലേക്ക് കടക്കുമ്പോള്‍ ചക്രവാളസീമകളെ അതിലംഘിച്ച് കൊണ്ട് ലക്ഷോപലക്ഷം തീര്‍ത്ഥാടകര്‍ പങ്കെടുക്കുന്ന ലോകശ്രദ്ധയെത്തന്നെ ആകര്‍ഷിക്കുന്ന തരത്തിലുള്ള ഒരു മഹാമഹമായി മാറിക്കഴിഞ്ഞിരിക്കുന്നു. ജനകോടികളുടെ ആരാധ്യനായ ശ്രീ നാരായണ പരമ ഗുരുവിന്റെ , വിശ്വ സാഹോദര്യത്തിന്റെ സന്ദേശമായ ”ഒരു ജാതി , ഒരു മതം , ഒരു ദൈവം മനുഷ്യന് ‘ എന്ന മഹത് വചനം ലോകത്തിനു നല്‍കിയ പുണ്യപുരുഷന്റെ സമാധിയിലേക്കുള്ള യാത്രയായ ശിവഗിരി തീര്‍ത്ഥാടനം , വാക്കിന്റെ , അറിവിന്റെ മൂര്‍ത്തി ആയ ശാരദ ദേവിയുടെ ക്ഷേത്രസന്നിധിയിലേക്കുള്ള യാത്രയുംകൂടിയാണ് .