കൊല്ലം: അപ്പീലുകളില്‍ മുങ്ങി കൊല്ലം കലോത്സവം. 62 -ാം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ആദ്യ ദിനമായ ഇന്നലെ നിരവധി മത്സരാര്‍ഥികള്‍ അപ്പീലില്‍ മത്സരിക്കാന്‍ എത്തിയിരുന്നു. അപ്പീലുകളുടെ എണ്ണം
മത്സരങ്ങളുടെ സമയ ക്രമത്തെ താളം തെറ്റിക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.
ഏറെ വൈകിയാണ് ഇന്നലെ മത്സരങ്ങള്‍ തുടങ്ങിയതും അവസാനിച്ചതും. ഇന്നലെ വേദി നാലില്‍ നാലു മണിക്ക് തുടങ്ങേണ്ടിയിരുന്ന കോല്‍ക്കളി മത്സരം തുടങ്ങിയത് രാത്രി 8 മണിക്കാണ്. മത്സരം പുലര്‍ച്ചെ രണ്ട് മണിവരെ നീണ്ടു. സബ് കോടതി മുതല്‍ ഹൈക്കോടതി വരെ ഉള്ള അപ്പീലുകളുമായാണ് വിദ്യാര്‍ഥികള്‍ മല്‍സരത്തിന് എത്തുന്നെന്ന് മന്ത്രി പറഞ്ഞു.
അപ്പീലുകളുടെ കാര്യത്തില്‍ കോടതി തീരുമാനം എടുക്കണം. എട്ടും ഒമ്പതും സ്ഥാനങ്ങളില്‍ എത്തിയവര്‍ പോലും അപ്പീലുമായി എത്തുകയാണെന്നും മത്സരങ്ങള്‍ വൈകുകയാണെന്നും അദ്ദേഹം പറഞ്ഞു. അപ്പീലുകളുടെ എണ്ണം നിയന്ത്രിക്കാന്‍ വേണ്ടി വന്നാല്‍ നിയമ നിര്‍മ്മാണം നടത്തുമെന്നും കോടതിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്നും വി ശിവന്‍കുട്ടി പറഞ്ഞു.