തകഴിയുടെ ‘ചെമ്മീന്‍’ എന്ന നോവലും കഥകളും ജാപ്പനീസിലേക്ക് വിവര്‍ത്തനം ചെയ്ത എഴുത്തുകാരി തക്കാക്കോ അന്തരിച്ചു. രാവിലെ 11ന് കൂനമ്മാാവിലെ വസതിയിലായിരുന്നു അന്ത്യം. തകഴിയെ കുറിച്ച് രണ്ട് ഡോക്യുമെന്ററികളും തക്കാക്കോ നിര്‍മ്മിച്ചിട്ടുണ്ട്.
1967-ല്‍ ഷിപ്പിംഗ് കേര്‍പറേഷന്‍ ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥനായിരുന്ന തോമസ് മുല്ലൂരിനെ വിവാഹം കഴിച്ചാണ് ജപ്പാനിലെ ഇറ്റാമിയ സ്വദേശിനിയായ തക്കാക്കോ കേരളത്തിലെത്തുന്നത്. കൂനന്മാവ് കോണ്‍വെന്റിലെ സിസ്റ്റര്‍ ഹിലാരിയാണ് തക്കാക്കോയെ മലയാളം പഠിപ്പിച്ചത്. ഏതാനും വര്‍ഷം മുമ്പ് ബസ് യാത്രയ്ക്കിടെ ഉണ്ടായ അപകടത്തില്‍പ്പെട്ട് ദീര്‍ഘകാലമായി വിശ്രമത്തിലായിരുന്നു. ജപ്പാനിൽ നിന്ന് എത്തുന്ന നയതന്ത്ര ഉദ്യോഗസ്ഥർക്കായി ദ്വിഭാഷിയായും പ്രവർത്തിച്ചിരുന്നു. 10 വർഷം കുസാറ്റിൽ ജാപ്പനീസ് ഭാഷ അധ്യാപികയായി ജോലി ചെയ്തിട്ടുണ്ട്.
തക്കാക്കോയ്ക്ക് ചെമ്മീൻ നോവൽ പരിചയപ്പെടുത്തിയത് ഭർത്താവായ തോമസ് മുല്ലൂരാണ്. ചെമ്മീന്റെ ഇംഗ്ലീഷ് കോപ്പിയാണ് ആദ്യം നൽകിയത്. തുടർന്നാണ് മലയാളത്തിലുള്ള നോവൽ വായിക്കുന്നത്. പുസ്തകം വായിച്ചു തീർത്തപ്പോൾ തന്നെ തന്റെ നാടിനെയത് പരിചയപ്പെടുത്തണമെന്ന ആശ മനസ്സിൽ ഉദിച്ചു. അങ്ങനെ തകഴിയെ നേരിൽ കണ്ട് അനുമതി വാങ്ങിയശേഷം 1976-ൽ ചെമ്മീന്റെ പരിഭാഷ പൂർത്തിയാക്കി. എബി എന്ന പേരിൽ തയ്യാറാക്കിയ പരിഭാഷ പക്ഷേ, പുസ്തക രൂപത്തിൽ ഇറക്കണമെന്ന ആഗ്രഹം പൂർത്തിയാക്കാനായില്ല.
ഇന്ത്യയിലെ ഒരു പ്രാദേശിക ഭാഷയിലെ നോവലായതുകൊണ്ട് അവിടത്തെ ജപ്പാനിലെ പ്രസാധകർ അതിനെ വേണ്ടപോലെ പരിഗണിച്ചില്ല. പുസ്തകരൂപത്തിൽ വരുന്നതിന് അത് തടസ്സമായി. തകഴിയുടെ ‘വെള്ളപ്പൊക്കത്തിൽ’ അടക്കം 12 കഥകളും തക്കാക്കോ ജാപ്പാനീസ് ഭാഷയിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. ജപ്പാനിൽ നിന്നിറങ്ങുന്ന ഇന്ത്യയെക്കുറിച്ചുള്ള മാഗസിനായ ഇൻഡോ തുശിനിലാണ് ഈ കഥകൾ അച്ചടിച്ച് വന്നത്.