പാലക്കാടും കോട്ടയത്തും സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷം. പാലക്കാട് ജില്ലാ ആശുപത്രിയിലെ ഫാർമസിയിൽ പാരസെറ്റമോൾ മരുന്ന് പോലും ലഭിക്കുന്നില്ലെന്ന് രോഗികൾ. മരുന്നുകൾ സ്റ്റോക്കില്ലെന്ന് കാണിച്ച് ജീവനക്കാർ മടക്കിയയ്ക്കുന്ന രോഗികള്‍ക്ക് സ്വകാര്യ ഫാർമസികളെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്.
പനിയും ചുമയുമായിയെത്തിയ 5 വയസ്സുകാരന് പാലക്കാട് ജില്ലാ ആശുപത്രിയിൽ നിന്നും ഡോക്ടർ എഴുതിയ പനിയ്ക്കുള്ള പാരസെറ്റമോൾ സിറപ്പ് പോലും ഫാർമസിയില്‍ നിന്ന് ലഭിച്ചില്ലെന്ന് പരാതിയും ഉയരുന്നു. മരുന്ന് വാങ്ങാൻ പോയ കുട്ടിയുടെ ബന്ധുകളെ ജില്ലാ ആശുപത്രി ഫാർമസിയില്‍ നിന്നും, കാരുണ്യ ഫാർമസിയിൽ നിന്നും മടക്കി വിട്ടു. വിവരം അന്വേഷിച്ചപ്പോൾ ദിവസങ്ങളായി പാരസെറ്റാമോൾ പോലും ഈ രണ്ട് ഫാർമസിയിലും സ്റ്റോക്കില്ലെന്നാണ് ജീവനക്കാർ ചീട്ടിൽ തന്നെ എഴുതി നൽകിയത്.
കോട്ടയത്തെ സർക്കാർ ആശുപത്രിലും മരുന്ന് ക്ഷാമം രൂക്ഷമാവുകയാണ്. പാലാ, ചങ്ങനാശ്ശേരി, താലൂക്ക് ആശുപത്രികളിലും ആവശ്യത്തിന് മരുന്നില്ല. ആന്റിബയോട്ടിക്കുകൾ, വേദന സംഹാരികൾ എന്നിവയ്ക്കാണ് ക്ഷാമം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ മരുന്നുകളും ലഭിക്കുന്നില്ല.