ന്യൂഡല്‍ഹി: ആന്റിബയോട്ടിക്കുകളുടെ അനാവശ്യ ഉപയോഗത്തിന് തടയിടാന്‍ നടപടികള്‍ കടുപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. ആന്റിബയോട്ടിക്കുകള്‍ നിര്‍ദ്ദേശിക്കുമ്പോള്‍ സൂചനയും ന്യായീകരണവും നിര്‍ബന്ധമായും രേഖപ്പെടുത്താന്‍ മെഡിക്കല്‍ കോളേജുകളിലെയും മെഡിക്കല്‍ അസോസിയേഷനുകളിലെയും എല്ലാ ഡോക്ടര്‍മാരോടും കേന്ദ്ര ആരോഗ്യ മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.
ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക്സ് നിയമങ്ങളുടെ ഷെഡ്യൂള്‍ എച്ച്, എച്ച്1 എന്നിവ കര്‍ശനമായി നടപ്പാക്കാനും ആന്റിബയോട്ടിക്കുകളുടെ കൗണ്ടര്‍ വില്‍പന നിര്‍ത്തി യോഗ്യതയുള്ള ഒരു ഡോക്ടറുടെ കുറിപ്പടി പ്രകാരം മാത്രം വില്‍ക്കാനും എല്ലാ ഫാര്‍മസിസ്റ്റുകളോടും ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടര്‍ ജനറല്‍ ഡോ. അതുല്‍ ഗോയല്‍ അഭ്യര്‍ത്ഥിച്ചു.
ആന്റിബയോട്ടിക്കുകളുടെ പ്രതിരോധ ശേഷി കുറയുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പുതിയ നീക്കം. ആന്റി മൈക്രോബയലുകളുടെ ദുരുപയോഗവും അമിത ഉപയോഗവുമാണ് ഇത്തരം മരുന്നുകളുടെ പ്രതിരോധ ശേഷി കുറയാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യം തടയാന്‍ ലക്ഷ്യമിട്ട് കൊണ്ടാണ് കേന്ദ്രം പുതിയ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.