ഡൽഹിയിൽ വീടിനു തീ പിടിച്ച് 9 മാസം പ്രായമുള്ള പിഞ്ച് കുഞ്ഞടക്കം 4 പേർ മരണപ്പെട്ടു. ഡൽഹിയിലെ ഷഹ്ദാര പ്രദേശത്തെ നാലു നില വീടിനാണ് തീ പിടിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. അവശനിലയിലായ രണ്ടു പേർ ചികിത്സയിലാണ്. തീ പടർന്നതിനെത്തുടർന്നുണ്ടായ പുക ശ്വസിച്ചാണ് നാലു പേരും മരിച്ചത്. അഞ്ച് അഗ്നിരക്ഷാ യൂണിറ്റ് സ്ഥലത്തെത്തിയാണ് തീ അണച്ചത്.
വീടിന്‍റെ ഒന്നാം നിലയിൽ സൂക്ഷിച്ചിരുന്ന റബ്ബർ കട്ടിങ് മെഷീൻ അടക്കമുള്ളവയ്ക്കാണ് ആദ്യം തീ പിടിച്ചത്. വീടിന്‍റെ രണ്ടാം നിലയിൽ കെട്ടിടത്തിന്‍റെ ഉടമയായ ഭരത് സിങ്ങാണ് താമസിച്ചിരുന്നത്. മറ്റു രണ്ടു നിലകൾ വാടകയ്ക്ക് നൽകിയിരിക്കുകയായിരുന്നു. കെട്ടിടത്തിന്‍റെ ഉടമസ്ഥനെതിരേ പൊലീസ് കേസെടുത്തു.