ദില്ലി; മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ്മയ്ക്കും പ്രിയങ്ക ഗാന്ധിക്കും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ്. വ്യാഴാഴ്ചയാണ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്.
ഛത്തീസ്ഗഡില്‍ ഒരു റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെ അസം മുഖ്യമന്ത്രി വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുകയും അവരുടെ സ്ഥാനാര്‍ത്ഥി മുഹമ്മദ് അക്ബറിനെതിരെ സ്ഥിരീകരിക്കാത്ത അവകാശവാദങ്ങള്‍ ഉന്നയിക്കുകയും ചെയ്തുവെന്ന കോണ്‍ഗ്രസ് പരാതിയെ തുടര്‍ന്നാണ് ശര്‍മ്മയ്ക്ക് ഇസി നോട്ടീസ് നല്‍കിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ക്ഷേത്രത്തിന് സംഭാവന നല്‍കിയത് 21 രൂപ മാത്രമാണെന്ന് രാജസ്ഥാനില്‍ നടത്തിയ പ്രസംഗത്തില്‍ വ്യാജവും സ്ഥിരീകരിക്കാത്തതുമായ അവകാശവാദങ്ങള്‍ ഉന്നയിച്ചുവെന്ന ബിജെപി പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രിയങ്കയ്ക്ക് നോട്ടീസ്. നോട്ടീസിന് മറുപടി നല്‍കാന്‍ ഇരു നേതാക്കള്‍ക്കും ഒക്ടോബര്‍ 30ന് വൈകിട്ട് അഞ്ച് മണിവരെ സമയം അനുവദിച്ചു.
ഒക്ടോബര്‍ 19 ന് ഛത്തീസ്ഗഡിലെ കവാര്‍ധയില്‍ ശര്‍മ്മ നടത്തിയ പ്രസംഗം മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് കോണ്‍ഗ്രസില്‍ നിന്ന് തിരഞ്ഞെടുപ്പ് പാനലിന് പരാതി ലഭിച്ചതായി ശര്‍മ്മയ്ക്കുള്ള നോട്ടീസില്‍ പറയുന്നു.