ന്യൂഡല്‍ഹി: നിക്ഷേപം, വ്യാപാരം, ഡിജിറ്റല്‍ പേയ്മെന്റ് പ്ലാറ്റ്ഫോമുകള്‍ അടക്കമുള്ള സുപ്രധാന മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യയും യുഎഇയും എട്ട് കരാറുകളില്‍ ഒപ്പുവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനങ്ങള്‍ ഉണ്ടായത്.
അതേ സമയം, ഉഭയകക്ഷി പങ്കാളിത്തം അവലോകനം ചെയ്യുകയും മൊഹമ്മദ് ബിന്‍ സായിദുമായി പ്രാദേശിക, ആഗോള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു. യുഎഇയിലെ നിക്ഷേപ മന്ത്രാലയം ഇന്ത്യയുടെ ഐടി മന്ത്രാലയവുമായി കരാര്‍ ഒപ്പിട്ടിട്ടുണ്ട്. കഴിഞ്ഞ ഏഴ് മാസത്തിനിടെ ഇരു നേതാക്കളും അഞ്ച് തവണ കൂടിക്കാഴ്ച നടത്തി. ഇത് മോദിയുടെ ഏഴാമത്തെ യുഎഇ സന്ദര്‍ശനമാണ്.
ഇന്ത്യയില്‍ സൂപ്പര്‍ കമ്പ്യൂട്ടര്‍ ക്ലസ്റ്റര്‍, ഡാറ്റ സെന്റര്‍ എന്നിവ സ്ഥാപിക്കാന്‍ തീരുമാനമുണ്ട്. ഡിജിറ്റല്‍ വികസന രംഗത്തു നിക്ഷേപം നടത്തും. ഇന്ത്യയിലെയും യുഎഇയിലെയും സ്ഥാപനങ്ങള്‍ തമ്മില്‍ ഇതിനായി സഹകരിക്കും. ഗുജറാത്തില്‍ നാഷണല്‍ മാരി ടൈം ഹെറിറ്റേജ് കോംപ്ലക്‌സുമായി യുഎഇ സഹകരിക്കും.