ഹൈദരാബാദ്: റോഡ് വികസനവുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് രംഗറെഡ്ഡി ജില്ലയില്‍ ക്രിസ്ത്യന്‍ പള്ളിക്കുനേരെ ബജ്‌റംഗ് ദള്‍ ആക്രമണം. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 20 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അവരില്‍ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇരുന്നൂറോളംപേര്‍ ജയ് ശ്രീറാം വിളികളുമായി പള്ളി അടിച്ചുതകര്‍ക്കുകയായിരുന്നു. പള്ളിയിലെ കുരിശ്, പ്രാര്‍ഥനാഹാളിലെ കസേരകള്‍, പള്ളിയുടെ മേല്‍ക്കൂര അടക്കം ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു.
പള്ളിക്ക് സമീപമുള്ള റോഡിന്റെ നിര്‍മാണവും വിപുലീകരണവും നടക്കുന്നുണ്ട്. റോഡ് അതിന്റെ യഥാര്‍ത്ഥ വലുപ്പത്തില്‍ തന്നെ തുടരണമെന്നും വികസിപ്പിക്കരുതെന്നും ക്രിസ്ത്യന്‍ സമുദായ അംഗങ്ങള്‍ വാദിച്ചു. ചൊവ്വാഴ്ച വൈകുന്നേരത്തോടെ റോഡ് നിര്‍മാണം പെട്ടെന്ന് ആരംഭിച്ചതോടെ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. പ്രാദേശിക ക്രിസ്ത്യന്‍ സമുദായാംഗങ്ങള്‍ ഇതിനെ എതിര്‍ത്തപ്പോള്‍ ബജ്റംഗ്ദളുമായി ബന്ധമുള്ള ഒരു സംഘം അക്രമികള്‍ അവരെ ആക്രമിച്ചു. സ്ത്രീകളും കുട്ടികളുമടക്കം 10 ലേറെ ആളുകള്‍ പള്ളിക്ക് സമീപം ഉണ്ടായിരുന്നു.