ജാര്‍ഖണ്ഡിലെ ജംതാരയില്‍ ട്രെയിന്‍ അപകടത്തില്‍ 12 മരണം. നിരവധി പേര്‍ക്ക് പരിക്കേറ്റു. മെഡിക്കല്‍ സംഘങ്ങളും ആംബുലന്‍സുകളും സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. തീപിടിത്തമുണ്ടായെന്ന് കേട്ട് ട്രെയിനില്‍ നിന്ന് പാളത്തിലേക്ക് ചാടിയിറങ്ങിയ യാത്രക്കാരെ മറ്റൊരു ട്രെയിന്‍ ഇടിച്ചാണ് അപകടമുണ്ടായത്. എന്നാല്‍ തീപിടിത്തത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ഈസ്റ്റേണ്‍ റെയില്‍വേ സിപിആര്‍ഒ നിഷേധിച്ചു.
അപകടത്തെക്കുറിച്ച് അറിഞ്ഞതായും ജംതാരയിലേക്ക് പോകുമെന്നും ജംതാര എംഎല്‍എ ഇര്‍ഫാന്‍ അന്‍സാരി പറഞ്ഞു. സംഭവത്തിന്റെ ഉത്തരവാദികളെ തിരിച്ചറിയാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് വിവരം. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്.