അലിഗഡ്: രാജ്യത്തെ സ്വത്ത് പുനര്‍വിതരണം ചെയ്യാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തെ സ്പഷ്ടമായി പരാമര്‍ശിച്ചുകൊണ്ട് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ബിജെപി നേതാക്കളുടെ പ്രസംഗങ്ങളില്‍ നിന്ന് തിരഞ്ഞെടുപ്പ് ഫലം എന്തെന്ന് വ്യക്തമാണ്. ഇന്‍ഡ്യ മുന്നണി അധികാരത്തിലേറിയാല്‍ പാവപ്പെട്ടവര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന റേഷന്‍ മാത്രമല്ല, പോഷകസമൃദ്ധമായ ഭക്ഷ്യവസ്തുക്കളും നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
പൊതുതിരഞ്ഞെടുപ്പില്‍ ബിജെപി തോല്‍വി ഭയന്നിട്ടാണ് വര്‍ഗീയ കാര്‍ഡിറക്കി വോട്ട് നേടാന്‍ ശ്രമിക്കുന്നത്. ജനാധിപത്യ ബോധമുള്ള ഇന്ത്യന്‍ ജനത ഇതിനെ തള്ളിക്കളയുമെന്നും അഖിലേഷ് യാദവ് പറഞ്ഞു. രാജ്യത്ത് ശരീഅത്ത് നിയമം നടപ്പിലാക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നുവെന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ യോഗി ആദിത്യനാഥിന്റെ പരാമര്‍ശത്തെയും അഖിലേഷ് വിമര്‍ശിച്ചു. ബിജെപി വര്‍ഗീയത പറയുമ്പോള്‍ നമ്മള്‍ ഭരണഘടനയെ കുറിച്ച് സംസാരിക്കും. ഭരണഘടനാ സംരക്ഷിക്കേണ്ട അടിയന്തര ഘട്ടത്തിലാണ് ഇന്ത്യയിലെ ജനങ്ങള്‍ നില്‍ക്കുന്നതെന്നും അഖിലേഷ് യാദവ് പറഞ്ഞു.