Newsperseconds.com

മൂന്നാംഘട്ട വോട്ടെടുപ്പിലും പോളിങ് ശതമാനത്തില്‍ ഇടിവ്; ആകെ രേഖപ്പെടുത്തിയത് 61.16 ശതമാനം; കൂടുതല്‍ പോളിങ് ആസാമില്‍; ആശങ്കയോടെ മുന്നണികള്‍

Capture

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് ഇന്ന് സമാപിച്ചപ്പോള്‍ 61.16 ശതമാനം പോളിങ് രേഖപ്പെടുത്തി. ആസാമില്‍ 75.01 ശതമാനം പോളിംഗ് രേഖപ്പെടുത്തിയപ്പോള്‍ മഹാരാഷ്ട്രയിലാണ് ഏറ്റവും കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയത് 54.09 ശതമാനം. 11 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വോട്ടെടുപ്പ് ഏറെക്കുറെ സമാധാനപരമായിരുന്നുവെങ്കിലും പശ്ചിമ ബംഗാളില്‍ ഇടയ്ക്കിടെ അക്രമ സംഭവങ്ങള്‍ രേഖപ്പെടുത്തി. കഴിഞ്ഞ തവണ ആകെ പോളിംഗ് 67.4 ശതമാനമായിരുന്നു. ഇത്തവണ കടുത്ത ചൂട് വില്ലനായി എന്നാണ് വിലയിരുത്തല്‍.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും അഹമ്മദാബാദില്‍ വോട്ട് രേഖപ്പെടുത്തി. ബിജെപി സ്ഥാനാര്‍ത്ഥി ധനഞ്ജയ് ഘോഷും പ്രാദേശിക തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനും തമ്മില്‍ പോളിംഗ് ബൂത്തില്‍ ഉണ്ടായ രൂക്ഷമായ വാക്കേറ്റത്തെ തുടര്‍ന്നാണ് പശ്ചിമ ബംഗാളിലെ ജംഗിപൂരില്‍ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്തത്. ബിജെപി സ്ഥാനാര്‍ത്ഥി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുകയാണെന്ന് ടിഎംസി ആരോപിച്ചു. അസാം -75.01, ബിഹാര്‍ -56.01%, ഛത്തീസ്ഗഡ്- 66.87% , ദാദ്ര നഗര്‍ ഹവേലി & ദാമന്‍ ദിയു-65.23%, ഗോവ-72.52%, ഗുജറാത്ത്-55.22%, കര്‍ണാടക-66.05%, മധ്യപ്രദേശ്-62.28%, മഹാരാഷ്ട്ര- 54.09, ഉത്തര്‍പ്രദേശ് -55.13%, പശ്ചിമ ബംഗാള്‍-73.93% എന്നിങ്ങനെയാണ് 7.30 വരെ രേഖപ്പെടുത്തിയ പോളിങ്.

അതേ സമയം, ആദ്യ രണ്ട് ഘട്ടങ്ങളിലും പോളിംഗ് ശതമാനം കുറഞ്ഞതിനെ തുടര്‍ന്ന് വോട്ടര്‍മാരെ ബൂത്തിലെത്തിക്കാന്‍ എല്ലാ ശ്രമവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയിരുന്നു. എന്നാല്‍ കാര്യമായ ഉയര്‍ച്ച പോളിംഗ് ശതമാനത്തിലുണ്ടായില്ല. ഉത്തര്‍പ്രദേശില്‍ രാവിലെ ഭേദപ്പെട്ട പോളിംഗ് നടന്നെങ്കിലും ഉച്ചയോടെ ഇത് ഇടിഞ്ഞു. കര്‍ണാടകയില്‍ ബിജെപി ശക്തികേന്ദ്രങ്ങളായ തീരദേശ കര്‍ണാടകയിലും, മുംബൈ കര്‍ണാടകയിലെ മേഖലകളിലും പോളിംഗ് ശതമാനം ഉയര്‍ന്നു. ഗുജറാത്തിലും ഉച്ചയോടെ പോളിംഗ് മന്ദഗതിയിലായി രണ്ടു മണ്ഡലങ്ങള്‍ മാത്രമുള്ള ഗോവയില്‍ എന്നാല്‍ നല്ല പോളിംഗ് നടന്നു. ഇനി 261 സീറ്റുകളിലെ വോട്ടെടുപ്പാണ് ഇനി നാലു ഘട്ടങ്ങളില്‍ ബാക്കിയുള്ളത്.

Share this Article

Leave a Comment