ന്യൂഡല്‍ഹി: 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വാരാണസിയില്‍ മൂന്നാം തവണയും ജനവിധി തേടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വാരാണസിയില്‍ നിന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പത്രിക സമര്‍പ്പിക്കുന്നതിന് ഒരു ദിവസം മുമ്പ്, വീണ്ടും അധികാരത്തില്‍ വന്നാല്‍ നഗരത്തിന്റെ മൊത്തത്തിലുള്ള വികസനത്തിന് ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യുമെന്ന് വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി മോദി 6 കിലോമീറ്റര്‍ റോഡ്‌ഷോ നടത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി തുടര്‍ച്ചയായി രണ്ട് തവണ വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ച മണ്ഡലമായ വാരണാസി ലോക്സഭാ സീറ്റില്‍ നിന്നാണ് മൂന്നാം തവണയും നരേന്ദ്രമോദി മത്സരത്തിനൊരുങ്ങുന്നത്.
ഗംഗാ നദിയില്‍ പ്രാര്‍ഥന നടത്തിയ അസ്സി ഘട്ട് സന്ദര്‍ശിച്ചാണ് പ്രധാനമന്ത്രി മോദി തന്റെ ദിവസം ആരംഭിച്ചത്. തുടര്‍ന്ന് 11.30-ന് നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് ശേഷം കാലഭൈരവ ക്ഷേത്രത്തില്‍ ദര്‍ശന നടത്തിയാണ് യാത്ര തുടര്‍ന്നത്. തുടര്‍ന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് വാരാണസിയില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്പ് പ്രധാനമന്ത്രി 12:10 ന് രുദ്രാക്ഷ് കണ്‍വെന്‍ഷന്‍ സെന്ററില്‍ സംസാരിച്ചു. ഹിന്ദു പഞ്ചാംഗ പ്രകാരം അഭിജിത്ത് മുഹൂര്‍ത്തത്തിലായിരുന്നു മോദി വരണാധികാരിക്ക് പത്രിക കൈമാറിയത്. പത്രിക സമര്‍പ്പണത്തിനുള്ള സമയം നിശ്ചയിച്ചത് അയോധ്യയില്‍ പ്രാണപ്രതിഷ്ഠയുടെ സമയം നിശ്ചയിച്ച ഗണേശ്വര്‍ ശാസ്ത്രിയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, യോഗി ആദിത്യനാഥ് അടക്കമുള്ള 11 എന്‍ഡിഎ മുഖ്യമന്ത്രിമാര്‍, 20 കേന്ദ്ര മന്ത്രിമാര്‍, ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ, ശിവസേന, ടിഡിപി, എല്‍ജെപി, ആര്‍എല്‍ഡി അടക്കമുള്ള ഘടക കക്ഷികളുടെ നേതാക്കള്‍ എന്നിവരെല്ലാം പത്രികാ സമര്‍പ്പണത്തിനെത്തി. കേരളത്തില്‍ നിന്ന് ബിഡിജെഎസിനെ പ്രതിനിധീകരിച്ച് തുഷാര്‍ വെള്ളാപ്പള്ളിയും പങ്കെടുത്തു.