മാധ്യമപ്രവര്‍ത്തകനായ പ്രബീര്‍ പുര്‍ക്കയസ്തയുടെ അറസ്റ്റ് അസാധുവാക്കിക്കൊണ്ടുള്ള സുപ്രീം കോടതി വിധി കേന്ദ്ര സര്‍ക്കാരിനേറ്റ ശക്തമായ തിരിച്ചടിയായി മാറുകയാണെന്ന് മന്ത്രി പി.രാജീവ്. ഭരണഘടനയെത്തന്നെ വെല്ലുവിളിച്ചുകൊണ്ട് നിയമങ്ങള്‍ പാലിക്കാതെ ആരെയും എത്രകാലം വേണമെങ്കിലും ജയിലിലിടാന്‍ സാധിക്കുമെന്ന യൂണിയന്‍ ഗവണ്മെന്റിന്റെ ധാര്‍ഷ്ട്യത്തിന് നിയമത്തിന്റെ പിന്തുണയോടെ തിരിച്ചടി നല്‍കാന്‍ പ്രബീറിന് സാധിച്ചുവെന്നും പി. രാജീവ് പറഞ്ഞു.
പ്രബീറിന്റെ അഭിഭാഷകനെ അറിയിക്കാതെയും റിമാന്റ് റിപ്പോര്‍ട്ട് കൃത്യമായി നല്‍കാതെയും ഡല്‍ഹി പോലീസ് അദ്ദേഹത്തെ ഏതുവിധേനയും തടങ്കലില്‍ സൂക്ഷിക്കാനാണ് ശ്രമിച്ചത്. എന്നാല്‍ സുപ്രീം കോടതി ഈ വിഷയങ്ങളിലെല്ലാം പോലീസിന്റെ നടപടികളെ രൂക്ഷമായി വിമര്‍ശിക്കുകയും അര്‍ഹിച്ച നീതി പ്രബീറിന് നല്‍കുകയും ചെയ്തു. സന്തോഷത്തോടെ തന്നെ ഈ വിധിയെ സ്വാഗതം ചെയ്യുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കേന്ദ്രത്തിന് ഇഷ്ടപ്പെടാത്ത വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന വേട്ടയാടലുകള്‍ അന്താരാഷ്ട്രതലത്തില്‍ തന്നെ രാജ്യത്തിന്റെ മാധ്യമസ്വാതന്ത്ര്യ റാങ്കിങ്ങില്‍ വലിയ ഇടിവ് വരുത്തിക്കൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തില്‍ പ്രബീറിന് ലഭിച്ചിരിക്കുന്ന നീതി പ്രതികരണശേഷിയുള്ള മറ്റ് മാധ്യമസ്ഥാപനങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ആത്മവിശ്വാസം നല്‍കുന്നതാണെന്നും മന്ത്രി. പി രാജീവ് വ്യക്തമാക്കി.
ന്യൂസ് ക്ലിക്ക് കേസില്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റും റിമാന്റും നിയമവിരുദ്ധമാണെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ന്യൂസ് ക്ലിക്ക് സ്ഥാപകനും, എഡിറ്റര്‍ ഇന്‍ ചീഫുമായ പ്രബിര്‍ പുര്‍കായസ്തയെ ഉടന്‍ വിട്ടയക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. യുഎപിഎക്കൊപ്പം ക്രിമിനല്‍ ഗൂഢാലോചന, സമൂഹത്തില്‍ സ്പര്‍ധ വളര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങളും ചുമത്തിയാണ് പ്രബീര്‍ പുരകായസ്തയെ 2023 ഒക്ടോബര്‍ മൂന്നിന് ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് ചൈനീസ് സ്ഥാപനങ്ങളില്‍ നിന്നായി 115 കോടിയോളം രൂപ ന്യൂസ് ക്ലിക്കിലേക്കെത്തിയെന്നാണ് ഇഡിയും, ദില്ലി പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും പറഞ്ഞത്. ന്യൂസ് ക്ലിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും നിരന്തര വിമര്‍ശകരായിരുന്നു.