കൊല്‍ക്കത്ത: ചികിത്സയ്ക്കായി കൊല്‍ക്കത്തയില്‍ എത്തിയ ബംഗ്ലാദേശ് എംപി അന്‍വാറുള്‍ അസിം അനാര്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടതായി കണ്ടെത്തി. എംപിയെ കാണാതായതായി അധികൃതര്‍ അറിയിച്ചിരുന്നു. മെയ് 12 ന് പശ്ചിമ ബംഗാളിന്റെ തലസ്ഥാനത്ത് എത്തിയ ഭരണകക്ഷിയായ അവാമിലീഗിന്റെ മുതിര്‍ന്ന എം.പിയാണ് അന്‍വാറുള്‍ അസിം അനാര്‍.
സംഭവവുമായി ബന്ധപ്പെട്ട് ബംഗ്ലാദേശില്‍ മൂന്നുപേര്‍ അറസ്റ്റിലായിട്ടുണ്ട്. കേസ് അന്വേഷിക്കാന്‍ സിഐഡി സംഘത്തെയും നിയോഗിച്ചു. കൊല്‍ക്കത്ത ന്യൂടൗണിലെ ഫ്‌ളാറ്റില്‍നിന്ന് എം.പി.യുടെ വികൃതമാക്കപ്പെട്ട മൃതദേഹം കണ്ടെത്തിയതായി ബംഗ്ലാദേശി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. കൊലപ്പെടുത്തിയതിന് ശേഷം
കൊല്‍ക്കത്തയിലെ ന്യൂടൗണ് ഏരിയയില്‍ മൃതദേഹം തള്ളിയതാണെന്ന് പോലീസ് സംശയിക്കുന്നു. തെരച്ചില്‍ നടത്തുന്നതിനിടെ, ന്യൂടൗണിലെ ഒരു ഫ്‌ലാറ്റില്‍ രക്തക്കറയും അവര്‍ കണ്ടെത്തി.
എംപി മെയ് 12 ന് കൊല്‍ക്കത്തയിലെത്തി സുഹൃത്ത് ഗോപാല്‍ ബിശ്വാസിന്റെ വസതിയില്‍ താമസിച്ചു. പിന്നീടാണ് എംപിയെ കാണാതായത്. ക്രൂരമായ കൊലപാതകമാണ് നടന്നതെന്ന് പോലീസ് പറഞ്ഞു. കുടുംബപരമോ സാമ്പത്തികമോ ആയ കാരണങ്ങളാണോ നാട്ടുകാരുമായുള്ള ശത്രുതയാണോ മരണത്തിലേക്ക് നയിച്ചതെന്ന് അന്വേഷിക്കുകയാണ്.