Newsperseconds.com

പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരിയിലെത്തി; വിവേകാനന്ദ പാറയില്‍ ധ്യാനമിരിക്കാന്‍ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാകുന്നു

Capture

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഹൈ വോള്‍ട്ടേജ് പ്രചാരണം അവസാനിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കന്യാകുമാരിയിലെത്തി. സ്വാമി വിവേകാനന്ദനോടുള്ള ആദരസൂചകമായി നിര്‍മ്മിച്ച സ്മാരകമായ റോക്ക് മെമ്മോറിയലില്‍ അടുത്ത രണ്ട് ദിവസത്തേക്ക് മോദി ധ്യാനത്തിനിരിക്കും. റോക്ക് സ്മാരകത്തില്‍ എത്തുന്നതിന് മുമ്പ് പ്രധാനമന്ത്രി ഭഗവതി അമ്മന്‍ ക്ഷേത്രത്തില്‍ ആരാധന അര്‍പ്പിച്ചു. ജൂണ്‍ ഒന്നിന് പുറപ്പെടുന്നതിന് മുമ്പ് മോദി തിരുവള്ളുവര്‍ പ്രതിമ സന്ദര്‍ശിക്കാനും സാധ്യതയുണ്ട്.

കന്യാകുമാരിയിലെത്തിയ മോദി ശേഷം വിവേകാനന്ദ പാറയിലേക്ക് ബോട്ട് മാര്‍ഗം പോയി. ഇന്ന് വൈകീട്ട് അഞ്ചുമണിയോടെയാണ് അദ്ദേഹം കന്യാകുമാരിയിലെത്തിയത്. മൂന്നുമണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ അദ്ദേഹം ഹെലികോപ്റ്ററിലാണ് കന്യാകുമാരിയിലെത്തിയത്. നിശ്ചയിച്ചതിനേക്കാള്‍ ഒരു മണിക്കൂര്‍ വൈകിയാണ്പ്രധാനമന്ത്രി തിരുവനന്തപുരത്ത് വ്യോമസേനയുടെ ടെക്‌നിക്കല്‍ ഏരിയയില്‍ വിമാനമിറങ്ങിയത്.

ധ്യാന്‍ മണ്ഡപത്തില്‍ ഇന്ന് വൈകുന്നേരം മുതല്‍ ജൂണ്‍ 1 വൈകുന്നേരം വരെ മോദി ധ്യാനിക്കുമെന്ന് ബിജെപി നേതാക്കള്‍ അവകാശപ്പെട്ടു. രണ്ടായിരത്തോളം ഉദ്യോഗസ്ഥരെ വിന്യസിച്ച് തീരദേശ നഗരത്തില്‍ തമിഴ്നാട് പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും ഇന്ത്യന്‍ നാവികസേനയും കനത്ത ജാഗ്രത പുലര്‍ത്തുന്നു. സ്വാമി വിവേകാനന്ദന്‍ ധ്യാനമിരുന്ന അതേയിടത്താണ് മോദിയും ധ്യാനമിരിക്കുക. 2019ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷവും അദ്ദേഹം കേദാര്‍നാഥ് ഗുഹയില്‍ സമാനമായ ധ്യാനം നടത്തിയിരുന്നു.

 

 

Share this Article

Leave a Comment