ന്യൂഡല്‍ഹി:പാര്‍ലമെന്റില്‍ സത്യപ്രതിജ്ഞാ ചടങ്ങിനിടെ പാലസ്തീന് ജയ് വിളിച്ച AIMIM അദ്ധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസിയെ പാര്‍ലമെന്റില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭ സ്പീക്കര്‍ക്ക് കത്തയക്കുമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ഡോ.രാജീവ്‌മേനോന്‍.18-ാമത് ലോക്‌സഭയില്‍ ഹൈദരാബാദ് എംപിയായി സത്യപ്രതിജ്ഞ ചെയ്ത് അവസാനിപ്പിക്കുന്നതോടെയാണ് ഒവൈസി പാലസ്തീന്‍ ജയ് വിളിച്ചത്.പ്രതിജ്ഞ അവസാനിപ്പിക്കുന്ന സമയത്ത് ജയ് ഭീം, ജയ് മീം, ജയ് തെലങ്കാന, ജയ് പാലസ്തീന്‍, തക്ബീര്‍ അള്ളാഹു-അക്ബര്‍ എന്ന് പറയുകയായിരുന്നു. തെറ്റായ പ്രസ്താവനയാണ് ഒവൈസി പാര്‍ലമെന്റില്‍ ഉന്നയിച്ചതെന്നും ഇത് സഭാനിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഡോ.രാജീവ്‌മേനോന്‍ ചൂണ്ടിക്കാട്ടി.
പാര്‍ലമെന്റില്‍ എംപിയായി സത്യപ്രതിജ്ഞ ചെയ്യുന്ന വേളയില്‍ പാലസ്തീന് ജയ് വിളിച്ച ഒവൈസിക്കെതിരെ പ്രതിഷേധം ശക്തമാക്കാനാണ് ആര്‍പിഐ തീരുമാനം. ഇന്ത്യയില്‍ ജീവിക്കുമ്പോള്‍ ഭാരത് മാതാ കീ ജയ് പറയാന്‍ തയ്യാറാകാത്ത ആളാണ് ഒവൈസി അസദുദ്ദീന്‍. ഇന്ത്യയില്‍ ജീവിക്കുമ്പോള്‍ തന്നെ ഇന്ത്യാവിരുദ്ധ പ്രവൃത്തിയാണ് ഒവൈസി ചെയ്തിരിക്കുന്നതെന്നും ഡോ.രാജീവ്‌മേനോന്‍ ഉന്നയിച്ചു. പാര്‍ലമെന്ററി രേഖകളില്‍ നിന്ന് ഒവൈസിയുടെ പ്രസ്താവന നീക്കം ചെയ്യണം. നിലവിലുള്ള നിയമങ്ങള്‍ അനുസരിച്ച് ഈ വിവാദ പരാമര്‍ശത്തിന്മേല്‍ ഒവൈസിയെ പാര്‍ലമെന്റില്‍ നിന്നും അയോഗ്യനാക്കാനുള്ള വ്യവസ്ഥയുണ്ടെന്ന് ഡോ.രാജീവ്‌മേനോന്‍ ചൂണ്ടിക്കാട്ടി. ആര്‍ട്ടിക്കിള്‍ 102 പ്രകാരം ഒരു വിദേശ രാജ്യത്തോട് കൂറും വിധേയത്വവും പ്രകടിപ്പിച്ച അസദുദ്ദീന്‍ ഒവൈസിയെ ലോക്‌സഭാ അംഗത്വത്തില്‍ അയോഗ്യനാക്കാമെന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 102 ല്‍ ഏതൊക്കെ സാഹചര്യത്തിലാണ് പാര്‍ലമെന്റ് അംഗങ്ങള്‍ അയോഗ്യരാക്കപ്പെടുന്നതെന്ന് വിശദീകരിക്കുന്നുണ്ട്. പ്രകടമായി വിദേശ രാജ്യങ്ങളോട് കൂറും വിധേയത്വവും പുലര്‍ത്തുന്നുവെങ്കില്‍ ലോക്‌സഭാ അംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കാമെന്നാണ് നിയമം.ഒവൈസിയുടെ പരാമര്‍ശങ്ങള്‍ തികച്ചും തെറ്റാണെന്നും പാര്‍ലമെന്റ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഡോ.രാജീവ്‌മേനോന്‍ വിമര്‍ശിച്ചു.