ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ നൂറ് കണക്കിന് ആളുകള്‍ മരിക്കാനിടയായ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് യുപി സര്‍ക്കാര്‍. ഹൈക്കോടതി റിട്ട. ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷിക്കും. സ്വയം പ്രഖ്യാപിത ആള്‍ദൈവമായ ഭോലെ ബാബ അഥവാ നാരായണ്‍ സാകര്‍ ഹരി ഒളിവിലാണ്. ലക്ഷക്കണക്കിന് ഭക്തരാണ് പരിപാടിയില്‍ പങ്കെടുത്തത്. ഫുല്‍റായ് ഗ്രാമത്തില്‍ നിന്ന് ഏകദേശം 100 കിലോമീറ്റര്‍ അകലെയുള്ള മെയിന്‍പുരിയിലെ ആശ്രമത്തില്‍ അദ്ദേഹം ഉണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. തിക്കിലും തിരക്കിലും പെട്ട് സ്ത്രീകളും കുട്ടികളുമടക്കം 122 പേരാണ് മരിച്ചത്.
ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടിയെടുക്കുമെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും യോഗി ആദിത്യനാഥ് ധനസഹായം പ്രഖ്യാപിച്ചു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിരുകടന്ന ആള്‍ദൈവ ആരാധനയും സുരക്ഷാ സംവിധാനങ്ങളിലെ അപര്യാപ്തതയുമാണ് ഹഥ്‌റാസ് ദുരന്തത്തിന് വഴിവെച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. യാതൊരു വിധ സുരക്ഷ സംവിധാനവുമില്ലാതെയാണ് സമ്മേളനം നടത്തിയത്. അതോടൊപ്പം തന്നെ ആള്‍ദൈവം യാത്ര ചെയ്ത കാര്‍ നീങ്ങിയപ്പോഴുണ്ടായ മണല്‍ ശേഖരിക്കാന്‍ ജനങ്ങള്‍ തിക്കും തിരക്കും കൂട്ടിയതാണ് അപകടത്തിന് പ്രധാന കാരണം.