ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ ദോഡ ജില്ലയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ഓഫീസര്‍ ഉള്‍പ്പെടെ നാല് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ 32 മാസത്തിനിടെ ജമ്മു മേഖലയില്‍ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 48 ആയി. ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ചുള്ള വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ സൈന്യവും ജമ്മു കശ്മീര്‍ പോലീസും ദോഡയിലെ ദേശ പ്രദേശത്ത് സംയുക്ത ഓപ്പറേഷന് ആരംഭിച്ചപ്പോഴാണ് ഏറ്റുമുട്ടലുണ്ടായതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. രാത്രി ഒമ്പത് മണിയോടെയാണ് വെടിവെപ്പുണ്ടായത്.
20 മിനിറ്റിലധികം നീണ്ടുനിന്ന വെടിവയ്പില്‍ ഉദ്യോഗസ്ഥന് ഉള്‍പ്പെടെ നാല് സൈനികര്‍ക്കും ഒരു പൊലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം കശ്മീര്‍ ടൈഗേഴ്സ് എന്ന സംഘടന ഏറ്റെടുത്തു. ജയ്ഷെ മുഹമ്മദ് എന്ന തീവ്രവാദ സംഘവുമായി ബന്ധമുള്ള സംഘടനയാണ് കശ്മീര്‍ ടൈഗേഴ്സ്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ നില ഗുരുതരമാണെന്ന് സൈനീക വൃത്തങ്ങള്‍ അറിയിച്ചു. കൂടുതല്‍ സൈനികരെ പ്രദേശത്ത് വിന്ന്യസിച്ചതായും ഭീകരര്‍ക്കായി തിരച്ചില്‍ തുടരുകായെണന്നും സൈന്യം അറിയിച്ചു.