അഹമമ്മദാബാദ്: ഗുജറാത്തില്‍ എട്ട് കുട്ടികളുടെ ജീവനെടുത്ത് അപൂര്‍വ ഇനം വൈറസ് ബാധ. ചന്ദിപുര വൈറസ് എന്ന പുതിയ രോഗബാധയാണ് ഗുജറാത്തില്‍ രൂക്ഷമായിട്ടുള്ളത്. സബര്‍കാന്ത, ആരവല്ലി, മഹിസാഗര്‍, മെഹ്സാന, രാജ്കോട്ട് ജില്ലകളിലാണ് ഇത് വരെ രോഗം സ്ഥിരീകരിച്ചത്. ജൂലൈ 10 മുതല്‍ എട്ട് കുട്ടികള്‍ വൈറസ് ബാധിച്ച് മരിച്ചതായി സംസ്ഥാന ആരോഗ്യ മന്ത്രി റുഷികേശ് പട്ടേല്‍ പറഞ്ഞു.
അതേ സമയം, രാജസ്ഥാനില്‍ നിന്നുമുള്ള ഒരാള്‍ കൂടി വൈറസ് മൂലം മരിച്ചിട്ടുണ്ടെട്ട് പുതിയ റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. വൈറസിനെക്കുറിച്ച് പഠിക്കാനും മുന്‍കരുതലുകളെടുക്കാനും പ്രത്യേക സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. മരണസാധ്യത കൂടുതലുള്ള വൈറസുകളാണ് ചന്ദിപുര വൈറസ്. മഹാരാഷ്ട്രയിലെ ചന്ദിപ്പുര ഗ്രാമത്തില്‍ ആദ്യമായി കണ്ടെത്തിയ വൈറസായതിനാലാണ് ഇത്തരത്തിലൊരു പേര് വന്നത്. കടുത്ത പനി, വയറു വേദന, ഛര്‍ദ്ദി എന്നിവയാണ് രോഗലക്ഷണങ്ങള്‍. മണല്‍ ഈച്ചയുടെ കടി ഏല്‍ക്കുന്നതിലൂടെയാണ് വൈറസ് മനുഷ്യരിലേക്ക് പകരുന്നത്. കുട്ടികളെയാണ് ഇവ കൂടുതലായും ബാധിക്കുന്നത്.