ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയില്‍ ഇന്ന് ആറ് മണിക്കൂര്‍ നീണ്ട ഓപ്പറേഷനില്‍ 12 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. നിരവധി ഓട്ടോമാറ്റിക് ആയുധങ്ങളും കണ്ടെടുത്തു. ഛത്തീസ്ഗഢ് അതിര്‍ത്തിയോട് ചേര്‍ന്ന വന്ദോലി ഗ്രാമത്തിന് സമീപം പതിനഞ്ചോളം മാവോയിസ്റ്റുകള്‍ ക്യാമ്പ് ചെയ്യുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് മഹാരാഷ്ട്ര പോലീസ് രാവിലെ 10 മണിയോടെ ഗഡ്ചിരോളിയില്‍ നിന്ന് തിരച്ചില്‍ ആരംഭിച്ചു.
ഉച്ചകഴിഞ്ഞ് ശക്തമായ വെടിവയ്പ്പ് ആരംഭിച്ച് ആറ് മണിക്കൂറിലധികം ഏറ്റുമുട്ടല്‍ നീണ്ടുനിന്നു. സി-60 ലെ ഒരു സബ് ഇന്‍സ്പെക്ടര്‍ക്കും ഒരു ജവാനും പരിക്കേറ്റെങ്കിലും അപകടനില തരണം ചെയ്തതായാണ് റിപ്പോര്‍ട്ട്. ഇവരെ കൂടുതല്‍ ചികിത്സയ്ക്കായി നാഗ്പൂരിലേക്ക് മാറ്റി. ടിപ്പഗഡ് ദളത്തിന്റെ ചുമതലയുള്ള വിശാല്‍ അത്രം എന്ന ഡിവിസിഎം ലക്ഷ്മണ്‍ ആത്രവും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. മറ്റ് 11 പേരെ ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. പ്രദേശത്ത് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.