Newsperseconds.com

പ്രീപ്രൈമറി ക്ലാസില്‍ പഠിക്കുന്ന രണ്ട് പെണ്‍കുട്ടികളെ സ്‌കൂള്‍ തൂപ്പുകാരന്‍ ലൈംഗികമായി പീഡിപ്പിച്ച സംഭവം; ട്രെയിന്‍ ഗതാഗതം തടസ്സപ്പെടുത്തി ജനക്കൂട്ടം; ഇന്റര്‍നെറ്റ് സേവനം റദ്ദാക്കി; മഹാരാഷ്ട്രയില്‍ പ്രതിഷേധം ആളിക്കത്തുന്നു

Capture

മഹാരാഷ്ട്രയിലെ ബദ്ലാപൂരില്‍ പ്രീപ്രൈമറി ക്ലാസില്‍ പഠിക്കുന്ന മൂന്നും നാലും വയസ്സുള്ള രണ്ട് പെണ്‍കുട്ടികളെ സ്‌കൂള്‍ തൂപ്പുകാരന്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ വന്‍ പ്രതിഷേധം ഉയരുന്നു. രോഷാകുലരായ നാട്ടുകാര്‍ സ്‌കൂള്‍ തകര്‍ക്കുകയും ഒരു ജനക്കൂട്ടം ട്രെയിന്‍ ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു. കല്ലേറുണ്ടായതോടെ പ്രതിഷേധം അക്രമാസക്തമായി. ഇതിന് പിന്നാലെ പൊലീസ് പ്രതിഷേധക്കാരെ പിരിച്ച് വിടുന്നതിനായി ലാത്തിച്ചാര്‍ജ്ജും നടത്തിയിരുന്നു. സംഭവത്തിന് പിന്നാലെ അധികൃതര്‍ പ്രദേശത്ത് ഇന്റര്‍നെറ്റ് സേവനം റദ്ദാക്കി.

പോക്സോ നിയമപ്രകാരം പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്. കേസ് വേഗത്തിലാക്കാനും ബലാത്സംഗശ്രമം ഉള്‍പ്പെടുത്താനും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ നിര്‍ദേശം നല്‍കി. അന്വേഷണം കാര്യക്ഷമമാക്കാന്‍ ആരതി സിംഗിന്റെ നേതൃത്വത്തില്‍ ഒരു പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) രൂപീകരിച്ചിട്ടുണ്ട്. സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിന് ശക്തമായ ക്രിമിനല്‍ നിയമം വേണമെന്ന് രാജ്യസഭാ എംപി പ്രിയങ്ക ചതുര്‍വേദി ആവശ്യപ്പെട്ടു. ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ (എന്‍സിപിസിആര്‍) ഇക്കാര്യം അന്വേഷിക്കാന്‍ ഒരു സംഘത്തെ താനെയിലേക്ക് അയക്കുമെന്ന് അറിയിച്ചു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിലെ കാലതാമസത്തെ ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചോദ്യം ചെയ്തു.

നേരത്തെ സംഭവത്തെ തുടര്‍ന്ന് റെയില്‍വേ സ്റ്റേഷനിലെത്തിയ പ്രതിഷേധക്കാര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞത് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. സ്ഥിതിഗതികള്‍ നിയന്ത്രിക്കാനും പ്രതിഷേധക്കാരെ പിരിച്ചുവിടാനും അധികാരികള്‍ ശ്രമിച്ചെങ്കിലും ജനക്കൂട്ടം പിരിഞ്ഞു പോകാന്‍ തയ്യാറായിരുന്നില്ല. ആഗസ്റ്റ് 17 നാണ് മൂന്നും നാലും വയസ്സുള്ള പ്രീപ്രൈമറി ക്ലാസില്‍ പഠിക്കുന്ന രണ്ട് പെണ്‍കുട്ടികളെ സ്ഥാപനത്തിലെ തൂപ്പുകാരന്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം ഉയര്‍ന്നത്. ഇതിന് പിന്നാലെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തതിരുന്നു. കിന്റര്‍ഗാര്‍ഡനിലെ ടോയ്ലറ്റില്‍ വെച്ചാണ് കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരകളായത്.

Share this Article

Leave a Comment