Newsperseconds.com

അനുമതിയില്ലാതെ കടലില്‍ സിനിമാ ചിത്രീകരണം; രണ്ട് ബോട്ടുകള്‍ പിടിച്ചെടുത്തു; രണ്ടര ലക്ഷം രൂപ വീതം പിഴ

Untitled 1

കൊച്ചി: അനുമതിയില്ലാതെ കടലില്‍ സിനിമാ ചിത്രീകരണം നടത്തിയ രണ്ട് ബോട്ടുകള്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലെടുത്തു. തെലുങ്ക് സിനിമയുടെ ചിത്രീകരണമാണ് കടലില്‍ വെച്ച് അനുമതിയില്ലാതെ ചെയ്തത്. സീ വിജില്‍ തീരസുരക്ഷ മോക് ഡ്രില്ലിന്റെ ഭാഗമായി കടലില്‍ ഇന്ത്യന്‍ നേവി നടത്തുന്ന പരിശോധനയ്ക്കിടയിലാണ് ചെല്ലാനം ഭാഗത്ത് വെച്ച് സിനിമ ചിത്രീകരണം ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് അനുമതിയില്ലെന്ന് മനസ്സിലായത്. ബോട്ടുകള്‍ക്ക് രണ്ടര ലക്ഷം രൂപ വീതം പിഴയാണ് ചുമത്തിയത്. ഭാരത് രത്‌ന, ഭാരത് സാഗര്‍ എന്നീ ഫിഷിങ് ബോട്ടുകളാണ് കസ്റ്റഡിയിലെടുത്തത്.

കൊച്ചി സ്വദേശികളായ വികെ അബു, ബെനഡിക്ട് സെബാസ്റ്റ്യന്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള പെഴ്സീന്‍ നെറ്റ് ബോട്ടുകളാണ് പിടിച്ചെടുത്തത്. ബോട്ടുകള്‍ക്ക് കടലില്‍ സഞ്ചരിക്കാനുള്ള ഫിഷറീസ് വകുപ്പിന്റെ സ്‌പെഷല്‍ പെര്‍മിറ്റ് ഇല്ലെന്നും കടലില്‍ സിനിമാ ചിത്രീകരണം നടത്താന്‍ അനുമതിയില്ലെന്നും കണ്ടെത്തി.
ചെല്ലാനം ഹാര്‍ബറില്‍ മാത്രമാണ് സിനിമാ ചിത്രീകരണത്തിന് അനുമതി നല്‍കിയിരുന്നതെന്നാണ് ഫിഷറീസ് അധികൃതര്‍ പറയുന്നത്. അനുമതി മറികടന്ന് കടലിലേക്ക് ചിത്രീകരണത്തിന് പോയതാണ് നടപടിയെടുക്കാന്‍ കാരണം. ബോട്ടിലുണ്ടായിരുന്ന 33 സിനിമാ പ്രവര്‍ത്തകരും യാതൊരു സുരക്ഷാ ഉപകരണങ്ങളും ധരിച്ചിരുന്നില്ല.

Share this Article

Leave a Comment