തെലങ്കാനയിൽ ബിജെപി അധികാരത്തിൽ വന്നാൽ മുസ്ലിം വിഭാഗത്തിനുള്ള നാല് ശതമാനം സംവരണം നിർത്തലാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. സംസ്ഥാനത്ത് നിലവിലുള്ള മുസ്ലീം സംവരണം ഭരണഘടനാ വിരുദ്ധമാണെന്നും ബിജെപി വിജയിച്ചാൽ അത് നിർത്തലാക്കുമെന്നും അമിത് ഷാ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള പ്രചാരണത്തിനിടെയാണ് പ്രഖ്യാപനം.
തെലങ്കാനയിൽ ബിജെപി സർക്കാർ അധികാരത്തിൽ വരുമ്പോൾ ഭരണഘടനാ വിരുദ്ധമായ 4% മുസ്ലീം സംവരണം നിർത്തലാക്കും. മുസ്ലിം ക്വാട്ട ഒബിസി, എസ്സി, എസ്ടി എന്നിവയ്ക്ക് പുനർവിതരണം ചെയ്യും. ബിജെപി അധികാരത്തിലെത്തുന്നതോടെ പിന്നാക്ക വിഭാഗത്തിൽ നിന്നുള്ള നേതാവിനെ മുഖ്യമന്ത്രിയാക്കുമെന്നും അമിത് ഷാ പറഞ്ഞു. യൂണിഫോം സിവിൽ കോഡ് സംസ്ഥാനത്ത് നടപ്പിലാക്കുമെന്ന പ്രഖ്യാപനും ബിജെപി നടത്തി. ജങ്കാവിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവന. നവംബർ 30നാണ് തെലങ്കാനയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.