2008 ലെ മുംബൈ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരെ സ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ പ്രതിമാസ റേഡിയോ പ്രസംഗ പരിപാടിയായ ‘മൻ കി ബാത്തി’ലൂടെയാണ് അദ്ദേഹം അനുസ്മരണ പ്രസംഗം നടത്തിയത്.
‘ഇന്നത്തെ ദിനം(നവംബർ 26) നമുക്ക് ഒരിക്കലും മറക്കാനാവില്ല. ഈ ദിവസമാണ് രാജ്യത്ത് ഏറ്റവും ഹീനമായ ഭീകരാക്രമണം നടന്നത്. ഭീകരർ മുംബൈയെയും രാജ്യത്തെയും വിറപ്പിച്ചു. പക്ഷേ, ആ ആക്രമണത്തിൽ നിന്ന് കരകയറിയ ഇന്ത്യയുടെ കരുത്താണ് ഇപ്പോൾ പൂർണ്ണ ധൈര്യത്തോടെ തീവ്രവാദത്തെ അടിച്ചമർത്തുന്നത്. മുംബൈ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട എല്ലാവർക്കും ആദരാഞ്ജലികൾ അർപ്പിക്കുന്നു. ഈ ആക്രമണത്തിൽ ജീവൻ ബലിയർപ്പിച്ച നമ്മുടെ ധീരന്മാരെ രാജ്യം സ്മരിക്കുന്നു’- പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
‘ ഇന്ത്യൻ ഭരണഘടന പാസാക്കിയതും അംഗീകരിച്ചതും ഈ ദിനത്തിലാണ്. 1949 നവംബർ 26ന് ഭരണഘടനാ നിർമ്മാണ സഭ ഇന്ത്യൻ ഭരണഘടന അംഗീകരിച്ചത്. ഭരണഘടന രൂപീകരിക്കാൻ രണ്ട് വർഷവും 11 മാസവും 18 ദിവസവും വേണ്ടി വന്നു. 60 ലധികം രാജ്യങ്ങളുടെ ഭരണഘടനകൾ പഠിച്ച് ഭരണഘടനയുടെ കരട് തയ്യാറാക്കുകയും അന്തിമമാക്കുന്നതിന് മുമ്പ് രണ്ടായിരത്തിലധികം ഭേദഗതികൾ വരുത്തുകയും ചെയ്തിട്ടുണ്ട്’ – പ്രധാനമന്ത്രി പറഞ്ഞു.